KeralaNEWS

തെളിവുണ്ട്; ലക്ഷ്യം കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യോഗസ്ഥര്‍: വെല്ലുവിളി ഏറ്റെടുത്ത് സ്വപ്ന

തിരുവനന്തപുരം: വിജേഷ് പിള്ളയുടെ ആരോപണങ്ങളില്‍ വെല്ലുവിളി ഏറ്റെടുത്ത് സ്വപ്ന. തെളിവുണ്ടെന്ന് സ്വപ്ന ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു. തെളിവ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കോടതിയിലും ഹാജരാക്കും. വിജേഷിന്റെ ലക്ഷ്യം കണ്ടെത്തേണ്ടത് അന്വേഷണ ഉദ്യേഗസ്ഥരെന്നും സ്വപ്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. സത്യം ലോകത്തിനു മുന്നിലെത്തിക്കുന്നതു വരെ പോരാട്ടം തുടരുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമിച്ചുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് വിജേഷ് പിള്ള മാധ്യമങ്ങളോടു പറഞ്ഞതിനു പിന്നാലെയാണ് സ്വപ്ന സമൂഹമാധ്യമത്തില്‍ പ്രതികരിച്ചത്.

സ്വപ്നയുടെ പോസ്റ്റ്

”എന്നെ കണ്ടുവെന്ന് വിജേഷ് പിള്ള സമ്മതിച്ചു. ഹരിയാനയെക്കുറിച്ചും രാജസ്ഥാനെക്കുറിച്ചും പറഞ്ഞ കാര്യങ്ങളും സമ്മതിച്ചു. 30 കോടി വാഗ്ദാനം ചെയ്തെന്നു പറഞ്ഞതും അംഗീകരിച്ചു. എം.വി.ഗോവിന്ദന്റെയും എം.എ.യൂസഫലിയുടെയും പേരുകള്‍ താന്‍ പരാമര്‍ശിച്ചതായും വിജേഷ് മാധ്യമങ്ങള്‍ക്കു മുന്നില്‍ സമ്മതിച്ചു. വിമാനത്താവളത്തിലെ ഭീഷണിയെക്കുറിച്ചു പരാമര്‍ശിച്ചതും സ്വര്‍ണക്കടത്തു കേസിലെ തെളിവുകള്‍ എന്നോട് ആവശ്യപ്പെട്ടതും സമ്മതിച്ചു. പക്ഷെ എല്ലാം മറ്റൊരു പശ്ചാത്തലത്തിലാണ് പറഞ്ഞതെന്നാണ് വിജേഷ് പറയുന്നത്.

എനിക്കൊരു കാര്യം മാത്രമേ പറയാനുള്ളു. സംഭവം ഉണ്ടായതിനു തൊട്ടുപിന്നാലെ വിവരം പൊലീസിനെയും ഇഡിയെയും അറിയിച്ച് രേഖകള്‍ സമര്‍പ്പിച്ച് നിയമപരമായ നടപടികള്‍ സ്വീകരിച്ചിരുന്നു. രണ്ട് ഏജന്‍സികളും വിജേഷിനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇനി അവരാണ് അന്വേഷിച്ച് അന്തിമ തീരുമാനത്തിലേക്ക് എത്തേണ്ടത്. വിജേഷിനെ ആരെങ്കിലും അയച്ചതാണോ എന്നു കണ്ടെത്തേണ്ടതും അവരാണ്. എനിക്കെതിരെ പൊലീസില്‍ മാനനഷ്ട, വഞ്ചനാ പരാതി നല്‍കിയെന്നാണ് വിജേഷ് പറഞ്ഞിരിക്കുന്നത്. ഏതു നിയമനടപടിയും നേരിടാന്‍ ഒരുക്കമാണ്. ഞാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുണ്ടെങ്കില്‍ പുറത്തുവിടാന്‍ വിജേഷ് വെല്ലുവിളിച്ചിട്ടുണ്ട്. ഞാന്‍ ആ വെല്ലുവിളി ഏറ്റെടുക്കുന്നു. എല്ലാ രേഖകളും ഏജന്‍സികള്‍ക്കു നല്‍കിയിട്ടുണ്ട്. വിജേഷ് എന്നെ കോടതികയറ്റിയാല്‍ അവിടെയും തെളിവുകള്‍ ഹാജരാക്കും. എം.വി.ഗോവിന്ദന്‍ സ്വീകരിക്കുമെന്നു പറഞ്ഞിരിക്കുന്ന നിയമനടപടി നേരിടും’‘ – സ്വപ്ന ഫെയ്സ്ബുക്കില്‍ കുറിച്ചു.

Back to top button
error: