ആലപ്പുഴ: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം സര്‍ക്കാര്‍ മാനസികാരോഗ്യ ആശപത്രിയിലേക്കാണ് മാറ്റിയത്. കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. മാവേലിക്കര ജയിലില്‍ പാര്‍പ്പിച്ചിരുന്ന എം. ജിഷാ മോളെ വ്യാഴാഴ്ച രാത്രിയില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്ന് ജിഷ പറഞ്ഞിരുന്നു. എന്നാല്‍, ഇത് കള്ളനോട്ട് സംഘത്തില്‍ ഉള്ളവരെ രക്ഷിക്കാനുള്ള ശ്രമമാണെന്ന സംശയം പോലീസിനുണ്ട്. കൃഷി ഓഫീസില്‍ കൃത്യമായ ഇവര്‍ ഹാജരാകാറില്ലെന്ന് ആരോപണമുണ്ട്. കൃഷിമന്ത്രി പി. പ്രസാദ് ആലപ്പുഴയില്‍ വിളിച്ചിട്ടുള്ള ഒരു യോഗത്തിലും ഇവര്‍ പങ്കെടുത്തിട്ടില്ല.
എം ജിഷ മോള്‍ വലിയ കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണെന്ന് പോലീസ് പറഞ്ഞു. ജിഷയെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഫെഡറല്‍ ബാങ്ക് ശാഖയിലെ കള്ളനോട്ടുമായി ബന്ധപ്പെട്ടാണ് എടത്വയിലെ കൃഷി ഓഫീസര്‍ ജിഷ പിടിയിലായത്. ചോദ്യം ചെയ്തതില്‍ നിന്നാണ് വലിയ കള്ളനോട്ട് ശൃംഖലയുടെ ഭാഗമാണ് ഇവരെന്ന് വ്യകത്മായത്.
കള്ളനോട്ട് കേസിലെ മറ്റ് പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങിയെന്നാണ് പോലീസ് പറയുന്നത്. കോണ്‍വെന്റ് സ്‌ക്വയറിലെ ബാങ്ക് ശാഖയിലായിരുന്നു അഞ്ഞൂറു രൂപയുടെ ഏഴ് കള്ളനോട്ടുകര്‍ പിടിച്ചത്. ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണം ജിഷയിലേക്ക് എത്തുകയും ചെയ്തു.
ജിഷ വീട്ടു ജോലിക്കാരന്‍ നല്‍കിയ പണമാണിതെന്ന് വ്യക്തമായതോടെ ആലപ്പുഴ സൗത്ത് പോലീസ് ജിഷ മോളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷമായിരുന്നു അറസ്റ്റ്. കള്ളനോട്ടുകള്‍ എവിടെ നിന്ന് ലഭിച്ചെന്നോ, ഇതിന്റെ ഉറവിടം എന്താണെന്നോ ജിഷ മോള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. ആലപ്പുഴ കളരിക്കലിലെ വാടക വീട്ടിലാണ് കൃഷി ഓഫീസറായ ജിഷ മോള്‍ കഴിയുന്നത്. നേരത്തെ പല തവണ വിവാദത്തിലകപ്പെട്ട ഉദ്യോഗസ്ഥയാണ് അറസ്റ്റിലായ ജിഷ. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചു, ഓഫീസില്‍ ക്രമക്കേട് നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ജിഷക്കെതിരെ ഉയര്‍ന്നിരുന്നത്.