ജയ്പുര്‍: രാജസ്ഥാനില്‍ വനിതാ ജഡ്ജിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചതായി പരാതി. പാര്‍സല്‍ മുഖേനെ മോര്‍ഫ് ചെയ്ത ചിത്രങ്ങളയച്ച് 20 ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ജഡ്ജി സദര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
സാമൂഹ്യമാധ്യമങ്ങളില്‍ നിന്നെടുത്ത ചിത്രങ്ങളാണ് പ്രതി മോര്‍ഫ് ചെയ്യാന്‍ ഉപയോഗിച്ചത്. ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത മൂന്ന് ചിത്രങ്ങള്‍ പ്രതി കോടതിയിലേക്കും ഔദ്യോഗിക വസതിയിലേക്കും ഇരു പാര്‍സലുകളായി അയച്ചതായി പരാതിയില്‍ പറയുന്നു. ഇവ രണ്ടിലും 20 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണികത്തുകളും ഭര്‍ത്താവിന്റെ ഫോണ്‍ നമ്പറുമുണ്ടായിരുന്നതായും അവര്‍ വ്യക്തമാക്കി. തന്നെയാരോ പിന്തുടരുന്നതായി തോന്നുന്നതായും മക്കളുടെയും തന്റെയും ദൈനംദിന വിവരങ്ങള്‍ ആര്‍ക്കോ ലഭ്യമാകുന്നതായും അവര്‍ ആരോപിച്ചു.
ജയ്പുരില്‍ ഇത്തരത്തില്‍ ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്ന പല സംഭവങ്ങളും നേരത്തെയും ഉണ്ടായിരുന്നു. ജയ്പുര്‍ ബോംബ് സ്ഫോടന കേസ് പരിഗണിച്ച ജഡ്ജി അജയ് കുമാര്‍ ശര്‍മയ്ക്കെതിരെയും ഭീഷണികള്‍ ഉണ്ടായിരുന്നു.