മലപ്പുറം: മൊറയൂര്‍ പഞ്ചായത്തിലെ മിനി ഊട്ടിയില്‍ തീപിടിത്തം; നാലേക്കര്‍ പറമ്പ് കത്തി നശിച്ചു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ അഗ്‌നിബാധ ഉണ്ടായത്. വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് പ്രദേശവാസികള്‍ എത്തിയിരുന്നെങ്കിലും തീ വലിയ രീതിയില്‍ പടര്‍ന്നു പിടിച്ചിരുന്നു. ഉടന്‍തന്നെ മലപ്പുറം അഗ്‌നിരക്ഷസേന ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് യൂണിറ്റ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. റോഡില്‍ നിന്ന് 100 മീറ്റര്‍ കുത്തനെയുള്ള ഭൂമി ആയതുകൊണ്ട് തന്നെ ഉദ്യോഗസ്ഥര്‍ക്ക് വേഗത്തില്‍ തീയണക്കാന്‍ സാധിച്ചില്ല. ഇതോടെ ജീവനക്കാര്‍ റോഡില്‍ നിന്ന് നൂറു മീറ്ററോളം താഴ്ചയിലേക്ക് കയറില്‍ പിടിച്ചു ഇറങ്ങി നിന്നാണ് തീ അണച്ചത്. പച്ചിലക്കാടുകള്‍ക്ക് അടക്കം തീ പിടിച്ചു.
അഗ്‌നിബാധയില്‍ പറമ്പിലെ തെങ്ങിന്‍ തൈകളും റബ്ബര്‍ തൈകളും കത്തി നശിച്ചു. അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നാണ് തീ പിടിത്തം സംഭവിച്ചത്. മലപ്പുറത്തുനിന്ന് എത്തിയ രണ്ട് യൂണിറ്റ് അഗ്‌നിരക്ഷസന ഉദ്യോഗസ്ഥരും പ്രദേശത്തെ കുടിവെള്ള വിതരണ ടാങ്കറും ഉപയോഗിച്ച് രണ്ട് മണിക്കൂറോളം നേരത്തെ കഠിന പരിശ്രമത്തിലൂടെയാണ് 8 ഡെലിവറി ഹോസ് ഉപയോഗിച്ച് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. അതേസമയം, രാത്രിയില്‍ പ്രദേശത്ത് വലിയ രീതിയില്‍ പടര്‍ന്നു പിടിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായി. കൃത്യസമയത്ത് നാട്ടുകാരും ഉദ്യോഗസ്ഥരും ഇടപെട്ടതോടെ തീ കൂടുതല്‍ ഇടങ്ങളിലേക്ക് പടര്‍ന്നു പിടിക്കാതെ വന്‍ അപകടമാണ് ഒഴിവാക്കിയത്.