IndiaNEWS

ത്രിപുരയില്‍ രണ്ടാം ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; അക്രമത്തില്‍ പ്രതിഷേധിച്ച് ഇടത് പക്ഷം ബഹിഷ്‌കരിക്കും

അഗര്‍ത്തല: ത്രിപുരയില്‍ രണ്ടാം ബിജെപി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മണിക് സാഹ തന്നെ മുഖ്യമന്ത്രിയായി തുടരാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും.

ത്രിപുരയിലെ തുടര്‍ഭരണം ഹോളിയോടൊപ്പം ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇന്നലെ ഗവര്‍ണര്‍ സത്യദേവ് നാരായന്‍ ആര്യയെ സന്ദര്‍ശിച്ച മണിക് സാഹ പുതിയ മന്ത്രിസഭയുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. രാവിലെ 10 ന് അഗര്‍ത്തലയിലെ സ്വാമി വിവേകാനന്ദ മൈതാനിയില്‍ ഒരുക്കിയ പ്രത്യേക വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. തെരഞ്ഞെടുപ്പിന് 9 മാസം മുന്‍പാണ് ബിപ്ലവ് കുമാര്‍ ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രി സ്ഥാനത്തേക്കു കൊണ്ടുവന്നത്.

മണിക് സാഹയെ കേന്ദ്രമന്ത്രിയാക്കി പകരം കേന്ദ്രത്തില്‍നിന്നു പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കുമെന്നു നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആശിഷ് കുമാര്‍ സാഹയെ 6104 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സാഹ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം, തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങളില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞ ചടങ്ങ് ഇടത് പാര്‍ട്ടികള്‍ ബഹിഷ്‌കരിക്കും. ത്രിപുര തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ബിജെപി അഴിച്ചുവിട്ട അക്രത്തില്‍ 500 വീടുകള്‍ തകര്‍ക്കപ്പെട്ടെന്നാണ് ഇടതുപക്ഷത്തിന്‍െ്‌റ ആരോപണം. സദര്‍, സന്തിര്‍ ബസാര്‍, ഉദയ്പുര്‍, അമര്‍പുര്‍, ചാരിലം, കമല്‍പുര്‍, കുമാര്‍ഘട്ട്, ഗണ്ഡച്ചേര എന്നിവിടങ്ങളിലായി 15 സിപിഎം ഓഫീസാണ് അഗ്‌നിക്കിരയാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെയും രൂക്ഷമായ ആക്രമണം തുടരുകയാണ്. ഇടത് പാര്‍ട്ടി പ്രവര്‍ത്തകരുടെ കടകള്‍ ബിജെപി പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടിയതോടെ കുടുംബങ്ങളുടെ ഉപജീവനം വഴിമുട്ടിയ അവസ്ഥയിലാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

Back to top button
error: