കരാറുകാരനെ കണ്ണിൽ മുളക് പൊടി എറിത്ത് കൊലപ്പെടുത്താൻ ശ്രമം, ക്വട്ടേഷൻ സംഘത്തിലെ 3 പേർ അറസ്റ്റിൽ; സംഭവം കരാറുകാർ തമ്മിലുള്ള കിട മത്സരത്തെ തുടർന്ന്
കാസർകോട്: ഒരു വർഷം മുമ്പ് കരാറുകാരൻ ചെർക്കള ബേർക്കയിലെ പെർളം അഷ്റഫിനെ (38) കണ്ണിൽ മുളക് പൊടിയെറിഞ്ഞ് ക്വട്ടേഷൻ സംഘം വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ വിദ്യാനഗർ സി.ഐ, പി പ്രമോദും സംഘവും ചെർക്കളയിൽ നിന്ന് അറസ്റ്റ് ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുനത്തിൽ അഷ്റഫ് (45), അൻവർ (40), റഫീഖ് (38) എന്നിവരാണ് അറസ്റ്റിലായത്.
മൂവരും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. ക്വട്ടേഷൻ സംഘത്തിലെ മൂന്ന് പേരെ കൂടി ഇനി പിടികിട്ടാനുണ്ട്. ഗോവയിലെ കരാറുകാരനും വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ ബാബ് ബഷീർ എന്ന പാറ ബഷീർ പറഞ്ഞത് അനുസരിച്ച് 25,00,00 രൂപയ്ക്കാണ് ക്വട്ടേഷൻ എടുത്തതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
വധശ്രമത്തിൽ നിന്ന് രക്ഷപെട്ട അഷ്റഫ് ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി. മറ്റുപ്രതികൾക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2022 ഏപ്രിൽ 11ന് പുലർച്ചെയാണ് സംഭവം. പള്ളിയിൽ നിസ്കരിക്കാൻ പോകുമ്പോൾ ബേർക്കയിൽ വെച്ച് വഴി തടഞ്ഞ് കണ്ണിൽ മുളക് പൊടിയെറിഞ്ഞ് മാരകായുധങ്ങളുമായി തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്.
308 ഉൾപെടെയുള്ള വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. കരാറുകാർ തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് വിദ്യാനഗർ പറഞ്ഞു.