IndiaNEWS

”അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പറഞ്ഞതില്‍ ലജ്ജയില്ല; സത്യമാണത്”

ഹൈദരാബാദ്: എട്ടു വയസു മുതല്‍ പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരസ്യമായി പറഞ്ഞതില്‍ ഒരു തരത്തിലും ലജ്ജിക്കുന്നില്ലെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗവും ബിജെപി നേതാവുമായ നടി ഖുഷ്ബു സുന്ദര്‍. സത്യസന്ധമായി ഉള്ള കാര്യം തുറന്നു പറയുക മാത്രമാണ് ചെയ്തത്. ഞാന്‍ ലജ്ജിക്കുന്നില്ല. അത്തരം ഹീനകൃത്യം ചെയ്തവരാണ് ലജ്ജിക്കേണ്ടതെന്നും ഖുഷ്ബു പറഞ്ഞു.

”ഞാന്‍ ഞെട്ടിക്കുന്ന കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. സംഭവിച്ച കാര്യം സത്യസന്ധമായി പറഞ്ഞു. ഇത്തരം ദുരവസ്ഥയിലൂടെ കടന്നുപോയവര്‍ക്ക് കാര്യങ്ങള്‍ തുറന്നു പറയാനുള്ള പ്രചോദനം കിട്ടാനാണ് ഞാന്‍ ഇതു പറഞ്ഞത്. സ്ത്രീകള്‍ കൂടുതല്‍ കരുത്തരാകണമെന്നും ഒരു കാര്യവും അവരെ തളര്‍ത്തരുതെന്നും ഇത്തരം കാര്യങ്ങള്‍ ജീവിതത്തിന്റെ അവസാനമല്ലെന്നുമുള്ള സന്ദേശം നല്‍കണമെന്നാണ് ഞാന്‍ ചിന്തിച്ചത്. ഒരുപാട് വര്‍ഷങ്ങളെടുത്താണ് ഞാന്‍ ഇതെല്ലാം തുറന്നു പറഞ്ഞത്. സ്ത്രീകള്‍ അത് തുറന്നുപറയുക തന്നെ വേണം. എന്തൊക്കെ സംഭവിച്ചാലും മുന്നോട്ടു തന്നെ പോകും.’ – ഖുഷ്ബു പറഞ്ഞു.

എട്ടു വയസ്സുള്ളപ്പോള്‍ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ദേശീയ വനിതാ കമ്മിഷന്‍ അംഗമായി ചുമതലയേറ്റതിനു പിന്നാലെയാണ് ഖുഷ്ബു വെളിപ്പെടുത്തിയത്. ”എന്റെ മാതാവ് ഏറ്റവും മോശമായ ദാമ്പത്യ ജീവിതത്തിലൂടെയാണു കടന്നുപോയത്. ഭാര്യയെയും മക്കളെയു തല്ലുന്നതും മകളെ ലൈംഗിമായി പീഡിപ്പിക്കുന്നതും ജന്മാവകാശമാണെന്നു കരുതിയ ആളായിരുന്നു പിതാവ്. അമ്മയും ഇളയ സഹോദരങ്ങളും ആക്രമണത്തിരയാകുമെന്നും സത്യം തുറന്നു പറഞ്ഞാല്‍ അമ്മ വിശ്വസിക്കില്ലെന്നുമുള്ള ഭയം മൂലം വിവരം പുറത്തു പറഞ്ഞില്ല. ഒടുവില്‍ 15 ാം വയസ്സില്‍ പ്രതികരിച്ചപ്പോള്‍ പിതാവ് കുടുംബം ഉപേക്ഷിച്ചു പോയി”.

ബാല്യകാലം കഠിനായിരുന്നെങ്കിലും ധൈര്യവും ആത്മവിശ്വാസവും ജീവിതത്തില്‍ വന്നുചേര്‍ന്നെന്നും മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള സംവാദ പരിപാടിയില്‍ ഖുഷ്ബു പറഞ്ഞിരുന്നു.

Back to top button
error: