ലണ്ടന്‍: ബ്രിട്ടനില്‍ അനധികൃത കുടിയേറ്റം തടയാന്‍ വിവാദ ഉത്തരവുമായി പ്രധാനമന്ത്രി ഋഷി സുനക്. രാജ്യത്ത് അനധികൃതമായി കുടിയേറുന്ന വിദേശികളെ പിടികൂടുന്ന പക്ഷം തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചയക്കണമെന്ന് അവകാശപ്പെടാനുള്ള സാഹചര്യം അവര്‍ക്ക് ഉണ്ടാകില്ലെന്ന് സുനക് മുന്നറിയിപ്പ് നല്‍കി.
നിങ്ങള്‍ അനധികൃതമായിട്ടാണ് ഇവിടെ എത്തിയതെങ്കില്‍ നിയമപരമായ ഒരു ആനുകൂല്യവും നിങ്ങള്‍ക്ക് ലഭിക്കുകയില്ല. നിങ്ങള്‍ക്ക് രാജ്യത്ത് തുടരാന്‍ സാധിക്കില്ലെന്ന് മാത്രമല്ല, മനുഷ്യാവകാശങ്ങള്‍ ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നും സുനക് ട്വീറ്റ് ചെയ്തു.
അനധികൃതമായി രാജ്യത്തെത്തുന്നവരെ തടവിലാക്കുമെന്ന് വ്യക്തമാക്കിയ സുനക് ഒരാഴ്ചക്കുള്ളില്‍ തന്നെ അവരെ രാജ്യത്തു നിന്ന് നാടുകടത്തുമെന്നും കൂട്ടിച്ചേര്‍ത്തു. ”അനധികൃതമായി എത്തിയവരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നതാണ് സുരക്ഷിതമെങ്കില്‍ അങ്ങനെ ചെയ്യും. അല്ലെങ്കില്‍ റുവാണ്ട പോലുള്ള മൂന്നാമതൊരു രാജ്യത്തേക്ക് നാടുകടത്തും. മാത്രമല്ല, അമേരിക്ക ഓസ്ട്രേലിയ രാജ്യങ്ങളിലേക്ക് പിന്നീടൊരിക്കലും അത്തരക്കാര്‍ക്ക് തിരിച്ചു പോകാന്‍ സാധിക്കാത്ത വിധത്തില്‍ വിലക്ക് ഏര്‍പ്പെടുത്തും” -സുനക് വ്യക്തമാക്കി.
ചെറിയ ബോട്ടുകളിലായി ഇംഗ്ലീഷ് ചാനല്‍ കടന്ന് രാജ്യത്തെത്തുന്ന അനധികൃത കുടിയേറ്റക്കാരെ തടയാന്‍ വേണ്ടിയിട്ടാണ് ബ്രിട്ടനില്‍ അനധികൃത കുടിയേറ്റ ബില്ലിന്റെ കരട് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍, ബില്ലിനെതിരെ വലത് പക്ഷ സംഘങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത് നടപ്പിലാക്കാന്‍ സാധിക്കുന്ന കാര്യമല്ലെന്നും അഭയാര്‍ഥികളെ ബലിയാടാക്കുന്ന ഉത്തരവാണെന്നുമാണ് ഉയരുന്ന വിമര്‍ശനം. കഴിഞ്ഞ വര്‍ഷം മാത്രം ചെറുബോട്ടുകളില്‍ കൂടി കടല്‍മാര്‍ഗം 45,000 ത്തോളം കുടിയേറ്റക്കാര്‍ രാജ്യത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.