മുംബൈ: ഐഎസ്എല്‍ പ്ലേ ഓഫില്‍ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ മത്സരം പൂര്‍ത്തിയാക്കാതെ പ്രതിഷേധിച്ച് ഗ്രൗണ്ട് വിട്ട് കേരളാ ബ്ലാസ്റ്റേഴ്‌സിന് പിഴ ചുമത്തിയേക്കും. സംഭവം ചര്‍ച്ച ചെയ്യാന്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) അച്ചടക്ക സമിതി ഇന്ന് യോഗം ചേര്‍ന്നിരുന്നു. തീരുമാന പ്രകാരം ബ്ലാസ്റ്റേഴ്‌സിന് ആറ് ലക്ഷം രൂപ പിഴ ചുമത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇരു ടീമുകളുടെ വാദം കേട്ടശേഷമാണ് സംഭവത്തില്‍ ഫെഡറേഷന്‍ അച്ചടക്ക സമിതി നടപിയെടുത്തത്.
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്റെ ട്വീറ്റില്‍ പറയുന്നതിങ്ങിനെ. ”ബംഗളൂരു എഫ്‌സിക്കെതിരായ മത്സരം കേരള ബ്ലാസ്‌റ്റേഴ്‌സ് പൂര്‍ത്തിയാക്കാതെ കയറിപോയതിന് എഐഎഫ്എഫിന്റെ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരും. അച്ചടക്ക ലംഘനത്തിന് ആറ് ലക്ഷം രൂപവരെ പിഴയടയ്‌ക്കേണ്ടി വരും. ഗൗരവമായ കേസുകളില്‍ നടന്നുകൊണ്ടിരിക്കുന്നതോ ഇനി വരാനിരിക്കുന്നതോവായ സീസണില്‍ നിന്ന് വിലക്ക് വരെ ലഭിച്ചേക്കാം.” ടൈംസ് ഓഫ് ഇന്ത്യ മാധ്യമ പ്രവര്‍ത്തകനായ മാര്‍കസ് മെര്‍ഗുലാവോ ട്വീറ്റ് ചെയ്തു.
ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരുവരും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്സ്ട്രാ ടൈമിന്റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്ത് ബംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ തയാറെടുക്കും മുമ്പെ അടിച്ച് ഗോളാക്കിയതാണ് വിവാദമായത്. ബ്ലാസ്റ്റേഴ്സ് താരങ്ങളും ഗോളിയും ഫ്രീ കിക്ക് തടയാനുള്ള പ്രതിരോധ മതില്‍ ഒരുക്കുന്നതിനിടെയാണ് ഛേത്രി ഗോളടിച്ചത്. ഇത് റഫറി ഗോളായി അനുവദിച്ചതോടെ പ്രതിഷേധിച്ച് മത്സരം ബഹിഷ്‌കരിച്ച് ബ്ലാസ്റ്റേഴ്സ് മൈതാനം വിടുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് മത്സരം പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിട്ടതോടെ ഛേത്രിയുടെ ഗോളില്‍ ബംഗളൂരു 1-0ന് ജയിച്ചതായി റഫറി പ്രഖ്യാപിച്ചു.