ഏഴാം ക്ലാസിനു മുകളിലുള്ള കുട്ടികള്‍ക്ക് സ്റ്റീലിന്റെ ശ്വാസകോശമാണോ? അവധി വിവാദത്തില്‍ കലക്ടര്‍ രേണുരാജിന് പൊങ്കാല
കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിനു തീപിടിച്ചതിനെ തുടര്‍ന്ന് വിഷപ്പുകയില്‍ മുങ്ങിയ കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും അവധി അനുവദിച്ച എറണാകുളം ജില്ലാ കലക്ടര്‍ ഡോ.രേണുരാജിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ പ്രതിഷേധം. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രം അവധി അനുവദിച്ചതാണ് വിവാദമായത്. ഏഴാം ക്ലാസിനു മുകളിലുള്ള ക്ലാസുകളിലെ കുട്ടികളെ വിഷപ്പുക ബാധിക്കില്ലേ എന്ന ചോദ്യമുയര്‍ത്തിയാണ് പ്രതിഷേധം.
കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴു വരെയുള്ള ക്ലാസുകള്‍ക്ക് ഞായറാഴ്ച വൈകിട്ടാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. കൊച്ചി കോര്‍പറേഷനിലും തൃക്കാക്കര, മരട്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി പരിധികളിലുമാണ് അവധി ബാധകം. വടവുകോട് പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും ബാധകം. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലും അവധി ബാധകമായിരിക്കും. അങ്കണവാടികള്‍ക്കും ഡേ കെയറുകള്‍ക്കും അവധിയായിരിക്കും. അതേസമയം, പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കലക്ടര്‍ അറിയിച്ചിരുന്നു.
ഇതിനിടെയാണ്, ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രം അവധി അനുവദിച്ചത് വിവാദമായത്. പ്ലാസ്റ്റിക് വിഷപ്പുകയില്‍ മുങ്ങിയ കൊച്ചി നഗരത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.