CrimeNEWS

കൊലക്കേസ് പ്രതിയ ഏറ്റുമുട്ടലില്‍ വധിച്ച് യു.പി. പോലീസ്; മരിച്ചത് ഉമേഷ്പാല്‍ വധക്കേസിലെ മുഖ്യപ്രതി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രയാഗ്രാജിനു സമീപം കൗധിയാര മേഖലയില്‍ കൊലക്കേസ് പ്രതിയെ ഉത്തര്‍പ്രദേശ് പൊലീസ് വെടിവച്ചുകൊന്നു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഉമേഷ്പാല്‍ കൊലക്കേസ് പ്രതി വിജയ് ചൗധരി എന്ന ഉസ്മാന്‍ ആണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ബിഎസ്പി എംഎല്‍എയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ്പാല്‍.

ഫെബ്രുവരി 24നാണ് ഉമേഷ് പാലിനെ ഒരു സംഘം കൊലപ്പെടുത്തിയത്. ഈ കേസിലെ മുഖ്യപ്രതിയായിരുന്നു ഉസ്മാന്‍. ഉസ്മാന്റെ മരണം പ്രയാഗ്രാജ് പൊലീസ് കമ്മിഷണര്‍ രമിത് ശര്‍മ സ്ഥിരീകരിച്ചു. വെടിയേറ്റ ഉസ്മാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് വിവരം. ഉസ്മാനെ കണ്ടെത്തുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Signature-ad

ബിഎസ്പി എംഎല്‍എ രാജുപാല്‍ 2005ല്‍ കൊല്ലപ്പെട്ട കേസില്‍ പ്രധാന സാക്ഷിയായ ഉമേഷ് പാലും ഇയാളുടെ സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപ് നിഷാദും വീടിനു പുറത്തുവച്ചാണ് വെടിയേറ്റ് മരിച്ചത്. ഉമേഷ് പാലിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ട അഞ്ചുപേരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 2.5 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് യുപി പൊലീസ് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു.

ഉമേഷ് പാലിന്റെ ഭാര്യ ജയപാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളായ അതിഖ് അഹമ്മദ്, സഹോദരന്‍ അഷ്റഫ്, ഭാര്യ ഷൈസ്ത പര്‍വീണ്‍, രണ്ട് ആണ്‍മക്കള്‍, സഹായികളായ ഗുഡ്ഡു മുസ്ലിം, ഗുലാം എന്നിവര്‍ക്കും മറ്റ് ഒന്‍പത് പേര്‍ക്കുമെതിരേ ധൂമംഗഞ്ച് പൊലീസ് കേസെടുത്തിരുന്നു. രാജുപാല്‍ വധക്കേസിലെ മുഖ്യപ്രതി കൂടിയ അതിഖ് അഹമ്മദ് നിലവില്‍ ഗുജറാത്ത് ജയിലിലാണ്.

Back to top button
error: