KeralaNEWS

നെഞ്ചിലെ തീയേറ്റി കൊച്ചി നഗരത്തിന് മേൽ പുക പടരുന്നു; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

കൊച്ചി: മെട്രോ നഗരമായ കൊച്ചിയുടെ നെഞ്ചിലെ തീയേറ്റി നഗരത്തിന് മേൽ പുക പടരുന്നു. ബ്രഹ്മപുരത്തെ മാലിന്യത്തിന് തീപിടിച്ചതോടെയാണ് നഗരത്തിലെ പുക പടരാൻ തുടങ്ങിയത്. തീയണക്കാനുള്ള നീക്കം ഫയർഫോഴ്സ് ശക്തമാക്കിയതോടെയാണ് ബ്രഹ്മപുരത്ത് നിന്നും കൂടുതൽ പുക നഗരത്തിലേക്ക് എത്താൻ തുടങ്ങിയത്. രാത്രിയോടെ കാറ്റ് ശക്തിപ്പെട്ടപ്പോൾ നഗരമേഖലയിലേക്ക് പുക പടരാൻ തുടങ്ങിയത്. നഗരം ഏറ്റവും സജീവമായ ശനിയാഴ്ച രാത്രിയിൽ കൊച്ചിയുടെ ഹൃദയഭാഗമായ ഇടപ്പള്ളിയിലടക്കം മാനത്ത് പുക മൂടിയ അവസ്ഥയാണ്.

കടലിൻ്റെ സാന്നിധ്യമുള്ളതിനാൽ പുക കടലിലേക്ക് മാറിപ്പോയേക്കാം എന്നാണ് കരുതുന്നുവെങ്കിലും പ്രായമായവർ, കുട്ടികൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ, കൊവിഡ് അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എല്ലാം ജാഗ്രത പാലിക്കണം എന്നാണ് ആരോഗ്യവിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. കൊച്ചി നഗരത്തിന് കിഴക്ക് ഭാഗത്തായിട്ടാണ് ബ്രഹ്മപുരം മാലിന്യ പ്ലാൻ്റ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഏതാണ്ട് 70-80 ഏക്കറിലായി നിലവിൽ ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടി കിടക്കുകയാണ്. പത്ത് മീറ്റർ ആഴത്തിൽ വരെ ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ തന്നെ തീപിടിച്ച മാലിന്യം കിടത്തിയാലും പുക വരുന്നത് തുടരും എന്നതാണ് പ്രശ്നം.

ഇതുവരെ കിഴക്കൻ ദിശയിലുള്ള കാറ്റായിരുന്നു ശക്തമായിരുന്നത് എന്നതിനാൽ നഗരമേഖലയെ വലിയ രീതിയിൽ ഈ പുക പ്രശ്നം ബാധിച്ചിരുന്നില്ല എന്നാൽ ശനിയാഴ്ച രാത്രിയോടെ പടിഞ്ഞാറൻ കാറ്റ് ശക്തമാവുകയും നഗരത്തിനുള്ളിലേക്ക് പുക അടിച്ചു കേറുകയും ചെയ്യുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം കാക്കനാട് അടക്കമുള്ള പ്രദേശങ്ങളിൽ പുക പ്രശ്നം രൂക്ഷമായിരുന്നു. വൈകാതെ ഇടപ്പള്ളി, പനമ്പള്ളി നഗർ, കടവന്ത്ര അടക്കം മേഖലകളിലേക്കും പുക പടർന്നു. കാഴ്ചയെ ബാധിക്കുന്ന രീതിയിൽ പുക രൂക്ഷമായാൽ അതു ഗതാഗതത്തേയും ബാധിച്ചേക്കും എന്ന ആശങ്ക ശക്തമാണ്.

Back to top button
error: