കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് മേഖലയില്‍ പ്ലാസ്റ്റിക് കൂനകളിലെ ആളിക്കത്തല്‍ നിയന്ത്രണവിധേയമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. ആളിക്കത്തല്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും മാലിന്യക്കൂമ്പാരത്തിനടിയില്‍നിന്ന് പുക ഉയരുന്ന സാഹചര്യമുണ്ട്. അത് പൂര്‍ണ്ണമായി നിയന്ത്രിക്കുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങള്‍ തുടരുകയാണെന്നും കൂടുതല്‍ ഫയര്‍ യുണിറ്റുകള്‍ സജ്ജമാക്കുമെന്നും കളക്ടര്‍ പറഞ്ഞു. ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍. അഗ്നിബാധയിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.
നേരത്തേ നേവിയുടെ ഹെലികോപ്ടറില്‍ നിന്ന് വെള്ളം സ്പ്രേ ചെയ്യുന്നതിനുള്ള സംവിധാനമൊരുക്കിയിരുന്നു. എന്നാല്‍ ഇത് തുടക്കത്തില്‍ ഫലപ്രദമായിരുന്നെങ്കിലും പുക ഉയരുന്നതിനാല്‍ അഗ്‌നിസേനാ വിഭാഗത്തിന് താഴെ നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നു. അതിനാല്‍ ഹെലികോപ്ടറിലെ വെള്ളമുപയോഗിച്ചുള്ള തീയണയ്ക്കല്‍ തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. ആവശ്യമെങ്കില്‍ ഉപയോഗിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
സമീപവാസികള്‍ക്കോ തീയണയ്ക്കുന്ന ജീവനക്കാര്‍ക്കോ ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ ചികിത്സ തേടുന്നതിന് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്വകാര്യ ആശുപത്രികളും ജനറല്‍ ആശുപത്രി ഉള്‍പ്പടെയുള്ളവയും സജ്ജമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കൂടാതെ ബ്രഹ്‌മപുരത്ത് ഓക്‌സിജന്‍ കിയോസ്‌കും ആരംഭിക്കും. ഇതുവരെ കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് ഇതെന്നും കളക്ടര്‍ അറിയിച്ചു.
ഞായറാഴ്ച വീടിനുള്ളില്‍ കഴിയണം
പുക നിയന്ത്രണവിധേയമാക്കുവാന്‍ കഴിയാത്തതിനാല്‍ ബ്രഹ്‌മപുരത്തിനും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഞായറാഴ്ച കഴിവതും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കഴിയുന്നതും വീടുകളില്‍ തന്നെ കഴിയണം. കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണിത്.