Fiction

‘അരയന്നങ്ങളുടെ വീട്’ അഥവാ മേഡ് ഫോർ ഈച്ച് അദർ

ശിവൻ മണ്ണയം

ചിത്രം: ജയിംസ് മണലോടി

ഒരു മിനിക്കഥയാണ് എനിക്കോർമ വരുന്നത്… അതിങ്ങനെയാണ്

”സ്വന്തം വീട്ടുമുറ്റത്തെ മാവിൽ മധുരമുള്ള മാമ്പഴങ്ങളുണ്ട്, പക്ഷേഅയൽവക്കത്തെ തോട്ടത്തിൽ നിന്ന് കണ്ണെടുക്കാൻ എനിക്ക് തോന്നുന്നേയില്ല.”

കൊള്ളാം ല്ലേ…?

ഇതെന്തിനാണ് ഞാൻ പറയുന്നത്…? അതിന് കാരണം എന്റെ ഭർത്താവ് ഉത്പലാക്ഷനാണ്. അദ്ദേഹത്തിന് അയൽ വീടാണ് ‘അരയന്നങ്ങളുടെ വീട്’. അവിടെ അര കുലുക്കി നടക്കുന്ന ഒരു അരയന്നമുണ്ട്… പേര് ഹിമ. അവളെക്കുറിച്ച് പറയാനേ ഉത്പലാക്ഷൻ ചേട്ടന് സമയമുള്ളൂ. അവൾ മോഡേനാണത്രേ… അവൾക്ക് എനിക്കില്ലാത്ത ഒരു സാധനം ഉണ്ട് പോലും, സെൻസ് ഓഫ് ഹ്യൂമർ…!
ഹിമയുടെ ഹസ്ബൻഡ് ഗൾഫിലാ. ഭർത്താവ് അരികിലില്ലാത്ത പെണ്ണുങ്ങൾക്ക് ഒടുക്കത്തെ ഹ്യൂമർ സെൻസായിരിക്കുമല്ലോ..

നിങ്ങൾ കേൾക്കണം, പെണ്ണ് കാണാൻ വന്ന അന്നു മുതൽ ചേട്ടന് എന്നെ ജീവന്റെ ജീവനായിരുന്നു. ‘നീ ശോഭനയെ പോലെയാമോളേ’ എന്നാ അന്നെനോട് പറഞ്ഞത്. പക്ഷേ ആ പറഞ്ഞ ആളിന്റെ മനസ് മാറിപ്പോയി.

പെണ്ണ് കാണാൻ വന്ന അന്ന് എന്റെ മൊബൈൽ ഫോൺ നമ്പർ വാങ്ങിയ ആ ആക്രാന്തകാരൻ പൊടിമീശക്കാരൻ പിന്നെ വിളിയോട് വിളിയായിരുന്നു. ‘പൊന്നേ, ചക്കരേ, നീലക്കടമ്പേ, ബി.പി.എൽ റേഷൻ കാർഡേ’ എന്നൊക്കെയായിരുന്നു ഉപമയും ഉൽപ്രേഷയും അലങ്കാര വിസ്ഫോടനവും. അതൊരു കാലം…!

കെട്ടിയതിനു ശേഷം സ്നേഹം കുറഞ്ഞോ, ഇല്ലാ… ഫസ്റ്റ് നൈറ്റിൽ ഫുൾ കോമഡിയായിരുന്നു. ഞാനുറക്കെ ചിരിക്കില്ല. പക്ഷേ മനസിൽ ഒരുപാട് ചിരിച്ചു. മനസിലേ ഞാൻ ചിരിക്കൂ.

എന്നോട് ഭയങ്കരസ്നേഹമായിരുന്നു ചേട്ടന്. ഓഫീസിൽ പോയാലും അദ്ദേഹം എന്നെ നൂറ് തവണ വിളിച്ച് നൂറ് ഇൻടു നൂറ് തമാശ പറഞ്ഞ് ബോറടിപ്പിക്കുമായിരുന്നു.

തൊട്ടയൽവക്കത്ത് രാധാകൃഷ്ണനും ഹിമയും താമസമാക്കിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. രാധാകൃഷ്ണൻ വളരെ ഫ്രണ്ട്ലിയാണ്. ആൾക്കാരെ തേടിപിടിച്ച് സുഹൃത്തുക്കളാക്കും, വീട്ടിലേക്ക് ക്ഷണിച്ച് സൽകരിക്കും. എൻ്റെ ചേട്ടനും രാധാകൃഷ്ണൻ്റെ ബെസ്റ്റ് ഫ്രണ്ടായി.

എന്റെ ഉത്പലാക്ഷൻ ചേട്ടൻ ഒരു കവിയാണ്. പ്രണയദാഹിയായ കവി. ചേട്ടന്റെ മനസിൽ പ്രണയത്തിന്റെ കടലാണ്. അതിൽ നിന്ന് കോരിയെടുത്ത് നിറച്ചാണ് അദ്ദേഹം കവിത നിർമിക്കുന്നത്. ആ കടലിൽ നിന്ന് ഒരുകോപ്പ പ്രണയം എന്റെ അനുവാദമില്ലാതെ ഹിമ കോരിയെടുത്തു!
‘ഞാനാണല്ലോ ആ കടലിന്റെ ഓണർ…! എനിക്ക് ദേഷ്യം വരാതിരിക്ക്യോ… ഞാൻ സഹിക്ക്യോ…?’

ഞാൻ കാണാൻ മോശമാണോ? അല്ലേ അല്ല ! ഒരു പാട് പേർ എന്റെ ഒരു കടാക്ഷത്തിനായി ഭിക്ഷാംദേഹികളെപ്പോലെ പിറകെ നടന്നിട്ടുണ്ട്. കല്യാണം കഴിയുന്നത് വരെ എന്റെ ചുറ്റും ആമ്പിള്ളാരുടെ സർവമത സമ്മേളനമായിരുന്നു. കാവ്യ മാധവന്റെ കണ്ണുകൾ, അനുഷ്കയുടെ ചുണ്ടുകൾ, ശോഭനയുടെ ശരീരവടിവ്, ഉർവശിയുടെ കുസൃതി എന്നൊക്കെ എന്നെപ്പറ്റി പറഞ്ഞത് എന്റെ ഉത്പലാക്ഷൻ ചേട്ടനാണ്. അത്രയേറെ സുന്ദരിയായ എന്നെ വിട്ട് കാണാനത്ര ഭംഗിയില്ലാത്ത ഹിമയുടെ സെൻസ് ഓഫ് ഹ്യൂമർ തേടി എന്റെ ഉത്പലാക്ഷൻ ചേട്ടൻ എന്തിന് പോയി… ?ഇതാണ് എന്റെ ക്വസ്റ്റ്യൺ.

രണ്ട് പിള്ളാരായി. അതാണോ എന്തോ എനിക്കുള്ള മൈനസ് പോയിൻ്റ്. ഹിമയെ പറ്റി പറയാനേ എന്റെ ചേട്ടന് സമയമുള്ളൂ. എപ്പോഴുദ്ദേഹം ഹിമയുടെ വീട്ടിലാണ്. കുട്ടികൾക്ക് ട്യൂഷനെടുക്കുകയാണത്രേ. ഹിമക്ക് പി.എസ്.സി ക്ലാസും എടുക്കുന്നുണ്ട്. രാധാകൃഷ്ണനാണെൽ ഗൾഫിലും. നല്ല സൗകര്യമാണല്ലോ.
ഹിമക്കാണേൽ നല്ല വസന്തത്തിന്റെ മിനുമിനുപ്പാണ്. ഏത് കർഷകനും വിളവിറക്കി പോകും…!

സ്വന്തം പിള്ളാർക്ക് രണ്ടക്ഷരം പറഞ്ഞ് കൊടുക്കാത്ത തന്തയാണ് അയൽക്കാരിയുടെ കുട്ടികളെ പഠിപ്പിക്കുന്നത്. കുട്ടികളെയാണോ അതോ തള്ളയെയാണോ എന്തോ പഠിപ്പിക്കുന്നത്…

അയൽവക്കത്തേക്കുള്ള പോക്ക് നിർത്തണമെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹമെന്നെ സംശയ രോഗിയെന്ന് വിളിച്ചു. ആണുങ്ങൾ സമൂഹവുമായി അടുത്തിടപഴകുമത്രേ… അതിൽ സംശയിക്കരുതു പോലും! അടുത്തിഴപഴകിപഴകി ഗർഭ മന്ദാരങ്ങൾ പൂവിടാതിരുന്നാൽ മതിയായിരുന്നു …!
* * *
രാധാകൃഷ്ണൻ ഗൾഫീന്ന് വന്നു…!

പക്ഷേ ഇപ്പാഴും ഉത്പേട്ടൻ അവിടെ പോകുന്നുണ്ട്, ട്വൂഷനെടുക്കാൻ. ഹോ… ഒരു വലിയ ട്യൂഷൻ മാസ്റ്ററ്റ്. അവളെ കാണാനാണ്, അല്ലാതെ ട്യൂഷനെടുക്കാനൊന്നുമല്ല എന്ന് ആർക്കാണ് അറിയാത്തത്. സുന്ദരിയായ മാതാവ് പാലക്കാട് ഉണ്ടങ്കിൽ തിരുവനന്തപുരത്ത് നിന്നും വരും ട്യൂഷൻ മാസ്റ്ററ്…

ഈ ട്യൂഷൻ ആദ്യം നിരോധിക്കണം!

രാധാകൃഷ്ണൻ എം.എ ബി.എഡ് ആണ്. പക്ഷേ ബീ കോംകാരനായ എന്റെ ചേട്ടനെ മതി ഹിമക്ക്… (പിള്ളാരെ പഠിപ്പിക്കാനേ.) ഇത് രാധാകൃഷ്ണൻ കൂടെ അറിഞ്ഞോണ്ടുള്ള കളിയാണോ എന്തോ..!

ഇത് അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. അടിച്ചു നന്നാക്കാൻ പറ്റില്ല. അടിച്ചാൽ തിരിച്ചടിക്കുന്ന ഇനമാണ്. ബുദ്ധി പ്രയോഗിക്കണം. മുള്ളിനെ മുള്ളു കൊണ്ടെടുക്കണം.

ഞാൻ ഒരു വഴി കണ്ടു…..

ഞാൻ രാധാകൃഷ്ണനോട് സ്വതന്ത്രമായി ഇടപെട്ട് തുടങ്ങി. രാധാകൃഷ്ണന് ഐ.ടിയിൽ വല്യ പിടിയാണ്. ഞാൻ രാധാകൃഷ്‌ണനിൽ നിന്ന് കമ്പ്യൂട്ടർ പഠിക്കാൻ ആരംഭിച്ചു. ഉത്പലാക്ഷേനോട് ഞാൻ രാധേട്ടനെ കുറിച്ച് വാ തോരാതെ സംസാരിച്ചു.

”രാധേട്ടന്റ സോഫ്റ്റ്‌വയറിലുള്ള പിടിയാ പിടി… ഹാർഡ് വയർ, അതിലദ്ദേഹം കൈ വച്ചാൽ… ഹോ.. നമ്മുടെ കണ്ണ് തുറിച്ചു പോകും…” ഞാൻ പറഞ്ഞപ്പോൾ ഉത്പലാക്ഷേട്ടന്റെ മുഖം കറുത്തു. കറുക്കട്ടെ. കറുത്ത് കറുത്ത് കരുവാളിക്കട്ടെ… വെളുത്തിരുന്നോണ്ട് എനിക്കെന്താ ഉപയോഗം..?

ഒരു ദിവസം രാധേട്ടനോടൊപ്പം ഞാനൊരു സിനിമക്ക് പോയി. വിക്രം..! തമിഴ്, എനിക്കൊന്നും മനസിലായില്ല !

അന്ന് ഉത്പലാക്ഷേട്ടൻ ഉറഞ്ഞ് തുള്ളി. കുപ്പി ഗ്ലാസുകൾ എറിഞ്ഞുടച്ചു. കക്കൂസിന്റ വാതിൽ ചവിട്ടി പൊളിച്ചു. ഉയർന്ന് ചാടി തെറി വിളിച്ചു. കിടന്നുരുണ്ട് തറ തകർത്തു…!

‘ഹേ.. മൂധേവീ എന്തിന് അന്യപുരുഷനോടൊപ്പം വിക്രം കാണാൻ പോയി…?’ ഇതായിരുന്നു ചോദ്യം ..

‘രാധേട്ടൻ വിളിച്ചപ്പോൾ പോയി’ എന്ന് ഞാൻ.

‘നീയെന്തിന് അവൻറ കൂടെ…?’ ഉത്പേട്ടൻ ദേഷ്യം കൊണ്ട് വിറച്ചു. വീട് മുഴുവൻ വിറച്ചു. പക്ഷേ ഞാൻ വിറച്ചില്ല.

‘ആണുങ്ങക്ക് മാത്രമല്ല സ്ത്രീകൾക്കും സമൂഹവുമായി ഇടപഴകാം …’ എന്ന് ഞാൻ.

‘വേണ്ട.. നീ സമൂഹവുമായി അധികം അടുത്തിടപഴകണ്ട… മോശമാണ്!’

‘എങ്കിൽ ചേട്ടനും അടുത്തിടപഴക്കരുത്…’

‘ഇല്ല നിർത്തി…’

‘ഹിമയോട് മിണ്ടരുത്…’

‘അമ്മയാണെ മിണ്ടൂല… നീ രാധാകൃഷ്ണനോടും മിണ്ടരുത്.’

‘ഇല്ല …:

‘രാധേട്ടനല്ല, രാധാകൃഷ്ണൻ. ഓക്കേ …’

‘ഹിമൂട്ടിയല്ല ഹിമ രാധാകൃഷ്ണൻ ഇസഡ്. ഓക്കേ.’

‘ഒക്കെ…’

ഇപ്പോൾ സംഗതികൾ ശാന്തം. ഉത്പലേട്ടൻ ട്യുഷനെടുപ്പും നിർത്തി. ഞാൻ കമ്പ്യൂട്ടർ പഠനവും നിർത്തി. ചേട്ടനിപ്പോൾ ഹിമയെ പറ്റി ഒരക്ഷരം പറയില്ല.ഞാൻ രാധാകൃഷ്ണനെ കുറിച്ചും ഒന്നും പറയില്ല. മുക്കുപണ്ടത്തിന് പിറകെ പോയി ഒർജിനൽ സ്വർണ്ണത്തെ നഷ്ടപ്പെടുത്തുന്നത് മൗഢ്യമാണെന്ന് ഉത്പലാക്ഷേട്ടൻ തിരിച്ചറിഞ്ഞു എന്ന് തോന്നുന്നു.

ഉത്പലാക്ഷേട്ടന് എന്നെപ്പോലെ ഒരു പെണ്ണിനെ ലോകത്തെവിടെ തിരഞ്ഞാലും കിട്ടില്ല, അതുപോലെ തന്നെ എനിക്കും …
ഉത്പലാക്ഷേട്ടൻ എന്റെ മുത്തല്ലേ..

ഉത്പലാക്ഷേട്ടാ വി മേഡ് ഫോർ ഈച്ച് അദർ… ഉooooമ്മമ്മമ്മ…….

Back to top button
error: