KeralaNEWS

സി.എം. രവീന്ദ്രന്‍ ചോദ്യംചെയ്യലിന് ഹാജരാകില്ല; നിയമസഭയിലെ ഓഫീസിലെത്തി

കൊച്ചി: വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയ നിര്‍മാണവുമായി ബന്ധപ്പെട്ടു 4.50 കോടി രൂപ കോഴ നല്‍കിയെന്ന കേസില്‍ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകില്ല. രവീന്ദ്രന്‍ നിയമസഭയിലെ ഓഫീസിലെത്തി. ഇന്നു രാവിലെ 10ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനായിരുന്നു ഇഡിയുടെ നിര്‍ദേശം.

ഇന്നു ഹാജരായില്ലെങ്കില്‍ ഇഡി തുടര്‍ന്നും നോട്ടിസ് നല്‍കും. മൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇഡി നീങ്ങിയേക്കും. ഫ്‌ളാറ്റ് നിര്‍മിക്കാന്‍ യുഎഇയിലെ റെഡ് ക്രെസന്റ് സംഘടന കരാറുകാരായ യൂണിടാക്കിനു നല്‍കിയ 19 കോടി രൂപയില്‍ 4.50 കോടി കോഴയായി നല്‍കിയെന്നാണ് ഇഡി കേസ്. കോഴ നല്‍കിയെന്നു വെളിപ്പെടുത്തിയ സ്വപ്ന സുരേഷ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരുമായുള്ള ബന്ധം, ഇടപാടുകള്‍ തുടങ്ങിയവ അറിയാനാണു രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.

Signature-ad

സ്വപ്നയുമായി ബന്ധമില്ലെന്ന നിലപാടാണു രവീന്ദ്രന്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇവര്‍ തമ്മിലുള്ള വാട്‌സാപ് സംഭാഷണങ്ങള്‍ ഇഡി ശേഖരിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ഇഡി ചോദ്യം ചെയ്യാനിടയുണ്ട്. രവീന്ദ്രനെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളും ചോദ്യംചെയ്യലിനു വിഷയമാകാം. കോഴ ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനുള്ള ബന്ധത്തെക്കുറിച്ചും ഇഡി ആരായാനിടയുണ്ട്.

 

Back to top button
error: