കൊച്ചി: ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച്, വിവാഹ വാഗ്ദാനം നല്‍കി വിധവയെ പീഡിപ്പിച്ചയാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടി. തലശ്ശേരി മമ്പറം കരുവാരത്ത് വീട്ടില്‍ നഷീല്‍ (31) ആണ് ആലുവയില്‍ പിടിയിലായത്. വിധവയും ഒരു കുട്ടിയുടെ അമ്മയുമായ എറണാകുളം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
ആലുവയില്‍ താമസിച്ചിരുന്ന നഷീല്‍ പരാതിക്കാരിയുമായി ഫെയ്‌സ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചു. പിന്നീട് എറണാകുളത്ത് വിവിധ ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും രണ്ടുലക്ഷത്തോളം രൂപ പലപ്പോഴായി തട്ടിയെടുക്കുകയും ചെയ്തു. ഇതിനുശേഷം പരാതിക്കാരിയെ നഷീല്‍ ഒഴിവാക്കുകയായിരുന്നു. താന്‍ ചതിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ യുവതി സ്റ്റേഷനില്‍ എത്തി പരാതിപ്പെടുകയായിരുന്നു.
ഒളിവില്‍ പോയ നഷീലിനെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടിച്ചത്.