മണർകാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ദൈവമാതാവിന്റെ ഇടക്കെട്ട് സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കായിട്ടുള്ള ”സൂനോറൊ പെരുന്നാൾ” 26ന് നടത്തും. കാലം ചെയ്ത പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ ഐവാസ് പ്രഥമൻ പാത്രിയർക്കീസ് ബാവയാണ് മണർകാട് വിശുദ്ധ ദൈവമാതാവിന്റെ സൂനോറൊ സ്ഥാപിച്ചത്. എല്ലാ വർഷവും ഈ ദിവസം പെരുന്നാളായി ആചരിക്കണമെന്ന് കോട്ടയം ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്ത ആയിരുന്ന ഡോ. ഗീവർഗീസ് മോർ ഗ്രീഗോറിയോസ് (പെരുമ്പള്ളി തിരുമേനി) കല്പനയിൽ കൂടി അറിയിക്കുകയും അതിൻപ്രകാരം പെരുന്നാൾ ആചരിച്ചുവരികയും ചെയ്തുപോരുന്നു.
26ന് നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മോർ കൂറിലോസ് മെത്രാപോലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ രാവിലെ 7ന് പ്രഭാത നമസ്‌കാരവും 8ന് കുർബ്ബാനയും അനുഗ്രഹപ്രഭാഷണവും ഉണ്ടായിരിക്കും. പെരുമ്പള്ളി തിരുമേനിയുടെ ദുഃഖറോനോയോട് അനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനയും ധൂപപ്രാർത്ഥനയും നടത്തും. കുർബാനയ്ക്ക് ശേഷം പെരുന്നാൾ പ്രദക്ഷിണവും നേർച്ചവിളമ്പും ഉണ്ടായിരിക്കും.
നേർച്ചവിളമ്പിനാവശ്യമായ നെയ്യപ്പം ഭവനങ്ങളിൽ നിന്നും എത്തിക്കുന്നതു കൂടാതെ കത്തീഡ്രലിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന വിശുദ്ധ മർത്തമറിയം വനിതാസമാജ അംഗങ്ങൾ തയ്യാറാക്കുകയും ചെയ്തുവരുന്നു. കുർബ്ബാനയിലും പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണ യോഗത്തിലും മറ്റ് ചടങ്ങുകളിലും സത്യവിശ്വാസികൾ ഏവരും നേർച്ചകാഴ്ചകളോടെ പങ്കെടുത്ത് അനുഗ്രഹീതരാകണമെന്ന് ഇടവക വികാരി ഇ.ടി. കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ ഇട്ട്യാടത്ത്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ആൻഡ്രൂസ് ചിരവത്തറ കോർഎപ്പിസ്‌കോപ്പ എന്നിവർ അറിയിച്ചു.