KeralaNEWS

കാപ്പികോ റിസോർട്ടിന് പിന്നാലെ ആലപ്പുഴയിലെ എമറാൾഡ് പ്രിസ്റ്റീൻ റിസോർട്ടും പൊളിക്കും; നോട്ടീസ് നൽകി

ആലപ്പുഴ: കാപ്പികോ റിസോർട്ടിന് പിന്നാലെ ആലപ്പുഴയിൽ ഒരു ആഡംബര റിസോർട്ട് കൂടി പൊളിച്ചുനീക്കുന്നു. കായൽ കൈയ്യേറിയും തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ചും പണിതുയർത്തിയ ചേർത്തല കോടം തുരുത്തിലെ എമറാൾഡ് പ്രിസ്റ്റീനാണ് പൊളിക്കുന്നത്. ഉളവൈപ്പ് കായലിന് നടുവിലുള്ള ഒഴുകി നടക്കുന്ന കോട്ടേജുകൾ അടക്കം മുഴുവന് കെട്ടിടങ്ങളും ഒരു മാസത്തിനകം പൊളിക്കണം എന്നാവശ്യപ്പെട്ട് ഉടമകൾക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്. കോടംതുരുത്ത് വില്ലേജിലെ മനോഹരമായ ഉളവൈപ്പ് കായൽ. ചാലത്തറ തുരുത്തിൽ നിന്ന് 100 മീറ്റർ സഞ്ചരിച്ചാർ ഒന്നര ഏക്കർ വരുന്ന തുരുത്താണ്.

ഇവിടയാണ് 2006ൽ എമറാൾഡ് പ്രിസ്റ്റീൻ എന്ന പേരിൽ ആഡംബര റിസോർട് വരുന്നത്. തങ്ങളുടെ ഉപജീവനത്തെ റിസോർട്ടിന്റെ പ്രവർത്തനം ബാധിക്കുന്നു എന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രധാന പരാതി. തീരദേശ പരിപാലന നിയമനം ഷെഡ്യൂൾഡ് മൂന്നിൽ വരുന്ന പ്രദേശമാണിത്. എന്നാൽ തീരദേശ പരിപാലനനിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് കോടംതുരുത്ത് പഞ്ചായത്ത് അധികൃതർ റിസോർട്ടിന് അനുമതി നൽകിയതെന്നും പരാതിയിലുണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെ 2018 ൽ പഞ്ചായത്ത് റിസോർട്ടിന് സ്റ്റോപ്പ് മോമോ നൽകി. ഉടമകൾ ഹൈക്കോടതിയിലെത്തി. അന്വേഷണം നടത്തി തീരുമാനം എടുക്കാൻ ജില്ലാ കലക്ടറോട് ഹൈക്കോടതി നിർദ്ദേശിച്ചു.

Signature-ad

കായൽ 15 മീറ്റർ കൈയേറിയാണ് റിസോർട്ട് നിർമിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. കോസ്റ്റൽ സോൺ റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ഇല്ലെന്നും തീരദേശ ചട്ടങ്ങൾ ലംഘിച്ചെന്നും കാട്ടി കഴിഞ്ഞ ജനുവരി 27 ന് കലക്ടർ ഉത്തരവിറക്കി. ഇതോടെയാണ് പൊളിക്കാൻ നടപടി തുടങ്ങിയിരിക്കുന്നത്. കെട്ടിടങ്ങൾ പൊളിക്കണം എന്നാവശ്യപ്പെട്ട് റിസോർട്ട് ഉടമകൾക്ക് കഴിഞ്ഞ 14 ന് പഞ്ചായത്ത് നോട്ടീസ് നൽകി. ഒരു മാസമാണ് സമയപരിധി. ഇതോടെ കാപികോ റിസോർട്ടിന് പിന്നാലെ നിയമ സംവിധാനത്തെ വെല്ലുവിളിച്ചുയർത്തിയ ഒരു സംരംഭം കൂടി ചരിത്രത്തിലേക്ക് മറയും.

Back to top button
error: