കൊച്ചി: കാക്കനാട് ഭക്ഷണം ഫ്ളാറ്റില്‍ എത്തിച്ച് നല്‍കിയില്ലെന്നാരോപിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. കുറവിലങ്ങാട് കാരിക്കുളം ഡിനോ ബാബു (33), കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ നെമ്പല്ലൂര്‍ പൊയ്യാക്കര ചാരുദത്തന്‍ (23,) മാവേലിക്കര മാടശ്ശേരി സുധീഷ് (30) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് പോലീസ് പിടികൂടിയത്.
മൂവര്‍ സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ മലപ്പുറം പെരുമ്പടപ്പ് പുത്തന്‍പള്ളിയില്‍ അബീദിനെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലും നില ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച പാതിരാത്രി കഴിഞ്ഞ് മൂന്നിനാണ് സംഭവം. ഒന്നാംപ്രതിയായ ഡിനോ സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി എത്തിയതായിരുന്നു അബീദ്. കാക്കനാട്ട് ഫ്‌ളാറ്റിന് സമീപത്തെത്തിയ യുവാവിനെ സെക്യൂരിറ്റി ജീവനക്കാര്‍ അകത്തേക്ക് കയറ്റിവിട്ടിരുന്നില്ല. പുറത്തുവന്ന് ഭക്ഷണം വാങ്ങണമെന്ന് യുവാക്കളെ അറിയിച്ചു. മുകളിലേക്കു കൊണ്ടു ചെല്ലാത്തതില്‍ പ്രകോപിതരായ പ്രതികള്‍ അബീദിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അബീദിന്റെ ഇരുചക്ര വാഹനം തട്ടിയെടുത്ത പ്രതികള്‍ അതില്‍ കയറിപ്പോവുകയും ചെയ്തു.
സാരമായി പരുക്കേറ്റ അബീദ് ഓടിരക്ഷപ്പെട്ട് കലക്ടറേറ്റിന് സമീപത്തെ പ്രധാന റോഡില്‍ എത്തുകയായിരുന്നു. സുഹൃത്തുക്കളെ വിളിച്ചു വരുത്തിയാണ് ആശുപത്രിയില്‍ പോയത്. ഇന്‍ഫോപാര്‍ക്ക് സി.ഐ: വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ പോലീസ് മൂവര്‍ സംഘത്തെയും പിടികൂടുകയായിരുന്നു.
കേസിലെ ഒന്നാംപ്രതി ഡിനോ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ അഞ്ച് വഞ്ചനക്കേസിലും തൃക്കാക്കര സ്റ്റേഷനില്‍ ഒരു വഞ്ചനക്കേസിലും പ്രതിയാണ്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഹരി, വധശ്രമ കേസുകളില്‍ പ്രതിയാണ് സുധീഷ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.