IndiaNEWS

പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലിക്ക് സ്റ്റേഡിയം നിഷേധിച്ച് മേഘാലയ സര്‍ക്കാര്‍; പ്രതിഷേധിച്ച് ബി.ജെ.പി. രംഗത്ത്

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലിക്ക് സ്‌റ്റേഡിയം നൽകാതെ മേഘാലയ സര്‍ക്കാര്‍. പ്രതിഷേധിച്ച് ബി.ജെ.പി. രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്താന്‍ തീരുമാനിച്ച റാലിക്കായി പശ്ചിമ ഘാരോ ഹില്‍സ് ജില്ലയിലെ പി.എ. സാങ്മ സ്റ്റേഡിയം വേണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

ഈ മാസം 27ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന റാലിക്ക് ബി.ജെ.പി നേതൃത്വമാണ് അനുമതി തേടിയത്. എന്നാല്‍ സ്റ്റേഡിയത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് കായിക വകുപ്പ് അനുമതി നിഷേധിക്കുകയായിരുന്നു. സ്റ്റേഡിയത്തില്‍ ചില പണികള്‍ നടക്കുന്നുണ്ടെന്നും അതിന്റെ സാമഗ്രികള്‍ ഉള്‍പ്പെടെയുള്ളവ അവിടെയുണ്ടെന്നും ഇത് സുരക്ഷാപ്രശ്‌നമുണ്ടാക്കുമെന്നും കായികമന്ത്രാലയം അറിയിച്ചു. തുടര്‍ന്ന് സംഭവത്തില്‍ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തി.

Signature-ad

പ്രധാനമന്ത്രി മേഘാലയയിലെ ജനങ്ങളെ കാണാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും അത് തടയാനാകില്ലെന്നും ബി.ജെ.പി ദേശീയ സെക്രട്ടറിയും ബി.ജെ.പിയുടെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളുടെ ചാര്‍ജുമുള്ള റിതുരാജ് സിന്‍ഹ പറഞ്ഞു. വേദി സ്ഥിരീകരിച്ചിട്ടില്ലെന്നും മുന്‍ തീരുമാനിച്ച പ്രകാരം റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വലിയ പ്രചരണങ്ങളോടെ കഴിഞ്ഞ ഡിസംബര്‍ 16നാണ് സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസമായിട്ടും സ്‌റ്റേഡിയം അപൂര്‍ണമാണെന്ന് പ്രഖ്യാപിക്കാന്‍ എങ്ങനെ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു. മേഘാലയയിലെ മോദി തരംഗത്തില്‍ കോണ്‍ഗ്രസിനും എന്‍.പി.പിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും പേടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി വരുന്ന 24ാം തിയ്യതി ഷില്ലോങില്‍ റോഡ്‌ഷോ നടത്തുമെന്നും പ്രധാനമന്ത്രിയുടെ റാലിക്ക് ബദല്‍ സംവിധാനമൊരുക്കുമെന്നും മേഘാലയ തെരഞ്ഞെടുപ്പ് കമ്മിറ്റി കോ കണ്‍വീനര്‍ രൂപം ഗോസ്വാമി പറഞ്ഞു. ഒരു വേദി അന്തിമമായി തീരുമാനിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടത്തിന്റെ അനുമതിക്കായി കാത്ത് നില്‍ക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ പരേതനായ പിതാവിന്റെ പേരിലാണ് സ്‌റ്റേഡിയം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 19 സീറ്റുകളും കോണ്‍ഗ്രസ് 21 സീറ്റുകളുമാണ് നേടിയത്. ബി.ജെ.പി, യു.ഡി.പി, മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ എന്നിവയുടെ പിന്തുണയോടെ എന്‍.പി.പിയുടെ നേതൃത്വത്തിലുള്ള മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് അധികാരത്തിലേറി. എന്നാല്‍ ഇത്തവണ എന്‍.പി.പിയും ബി.ജെ.പിയും ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം.

Back to top button
error: