CrimeNEWS

തമിഴ്‌നാട്ടില്‍ നാല് എ.ടി.എമ്മുകളില്‍ നിന്നായി 86 ലക്ഷം കവര്‍ന്നു; മോഷ്ടാക്കള്‍ മടങ്ങിയത് മെഷീനുകള്‍ക്ക് തീയിട്ട്

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയില്‍ നാല് എ.ടി.എമ്മുകളില്‍ കവര്‍ച്ച. കടലൂര്‍- ചിറ്റൂര്‍ റോഡിലുള്ള എസ്.ബി.ഐയുടെ മൂന്ന് എ.ടി.എമ്മുകളും ഇന്ത്യ വണ്ണിന്റെ ഒരു എ.ടി.എമ്മുമാണ് ഞായറാഴ്ച പുലര്‍ച്ചെ കവര്‍ച്ചയ്ക്കിരയാക്കിയത്. നൈറ്റ് പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ എ.ടി.എമ്മുകളുടെ ചെസ്റ്റ് ബോക്‌സുകളില്‍ കേടുപാട് കണ്ടതോടെ നടത്തിയ പരിശോധനയിലാണ് കവര്‍ച്ചാ വിവരം അറിയുന്നത്. നാലു എ.ടി.എമ്മുകളില്‍ നിന്നായി 86 ലക്ഷം രൂപ നഷ്ടമായി.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കവര്‍ച്ച നടന്നതെന്ന് പോലീസ് അറിയിച്ചു. തണ്ടാരംപേട്ട് മെയിന്‍ റോഡിലെ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള രണ്ടു എടിഎമ്മുകളിലും പൊലുര്‍ ടൗണിലെ റെയില്‍വേ സ്റ്റേഷനു സമീപമുള്ള എ.ടി.എമ്മിലും കലാസപാക്കം ടൗണിനു സമീപമുള്ള ഗവ. ബോയ്‌സ് ഹൈസ്‌കൂളിനു സമീപമുള്ള എ.ടി.എമ്മിലുമാണ് കവര്‍ച്ച നടന്നത്. എടിഎമ്മുകളില്‍ സൂക്ഷിച്ചിരുന്ന ലോഗ് ബുക്കില്‍ ഒപ്പിടാന്‍ എത്തിപ്പോഴാണ് കവര്‍ച്ച നടന്ന വിവരം പോലീസ് അറിയുന്നത്. നാല് എ.ടി.എമ്മുകളും 20 കിലോമീറ്ററിന് ഉള്ളില്‍ സ്ഥിതി ചെയ്യുന്നവയാണ്.

Signature-ad

ഗ്യാസ് വെല്‍ഡിങ് മെഷീനുകള്‍ ഉപയോഗിച്ച് എ.ടി.എമ്മുകളില്‍ പണം സൂക്ഷിക്കുന്ന ചെസ്റ്റ് ബോക്‌സ് തകര്‍ത്താണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. പണം കൈക്കലാക്കിയ ശേഷം മെഷീനുകള്‍ക്കു തീയിട്ടാണ് കവര്‍ച്ചാ സംഘം മടങ്ങിയിരിക്കുന്നത്. കലാസപാക്കത്തിലെ ഇന്ത്യ വണ്‍ എ.ടി.എമ്മില്‍ ഒഴികെ മറ്റു മൂന്ന് എസ്.ബി.ഐ എ.ടി.എമ്മുകളിലും സിസി ടിവി ക്യാമറകള്‍ ഇല്ലായിരുന്നു. 30 ലക്ഷം രൂപ, 33 ലക്ഷം, 20 ലക്ഷം, മൂന്നു ലക്ഷം എന്നിങ്ങനെ ആകെ എ.ടി.എമ്മുകളില്‍ നിക്ഷേപിച്ചിരുന്ന 86 ലക്ഷം രൂപയാണ് കവര്‍ച്ചാ സംഘം കൊണ്ടുപോയത്. തിരുവണ്ണാമലൈ പോലീസ്, ഫിങ്കര്‍ പ്രിന്റ് വിദഗ്ധര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

 

Back to top button
error: