Movie

ഒഎൻവി ഓർമ്മകൾക്കെന്തു മധുരം, പാട്ടുകൾക്കെന്തു സുഗന്ധം

ഒഎൻവി ഓർമ്മ

‘ആരെയും ഭാവഗായകനാക്കും’ കവി ഒഎൻവി കുറുപ്പ് എന്ന ‘പ്രിയതരമായൊരു സ്വപ്‌നം ഇനിയുണരാതെ ഉറങ്ങി’യിട്ട് 7 വർഷം. 2016 ഫെബ്രുവരി 13 ന് വിട പറഞ്ഞ ആ ഗാനരചയിതാവ് മലയാളികളുടെ ‘ആത്മാവിൽ മുട്ടിവിളിച്ചത് പോലെ’ അവശേഷിപ്പിച്ചത് ആയിരത്തിൽപ്പരം സുഭഗ ഗാനങ്ങളാണ്. ഒഎൻവി ഗാനസംഗ്രഹത്തിലെ ചില കൗതുകങ്ങൾ:

1. ഏറ്റവും കൂടുതൽ ഒഎൻവി ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജി ദേവരാജൻ. തൊട്ടടുത്ത് എം.ബി ശ്രീനിവാസൻ, ജോൺസൺ, രവീന്ദ്രൻ.

2. ഒഎൻവി വരികൾ കൂടുതൽ പാടിയ ഗായകൻ യേശുദാസ്. ഗായിക ചിത്ര.

3. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ഏറ്റവും കൂടുതൽ തവണ അർഹനായി (14 തവണ).

4.  കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ ഗാനങ്ങളാണ് (പൊന്നരിവാൾ അമ്പിളിയില്, വെള്ളാരംകുന്നിലെ) ആദ്യ ഹിറ്റുകൾ. അവ സംഗീതം ചെയ്‌ത ദേവരാജനൊരുമിച്ച് 1955 ൽ സിനിമയിലേയ്ക്ക്. ഇരുവരുടെയും ആദ്യ സിനിമയാണ് ‘കാലം മാറുന്നു.’

5. ചലച്ചിത്രഗാനങ്ങളിലെ ആദ്യകാല ഹിറ്റുകളിൽ ‘മാണിക്യവീണയുമായെൻ’ (കാട്ടുപൂക്കൾ), ‘എന്തിനീ ചിലങ്കകൾ’ (കരുണ), ‘പള്ളിമണികളേ’ (അദ്ധ്യാപിക) എന്നീ ഗാനങ്ങൾ ഉൾപ്പെടുന്നു.

6. സലീൽ ചൗധരിയുമായി ആദ്യം ഒരുമിച്ചത് ‘സ്വപ്‌നം’ എന്ന ചിത്രത്തിന് വേണ്ടിയാണ്. അതിലെ ‘നീ വരൂ കാവ്യദേവതേ,’ ‘മഴവിൽക്കൊടി,’ ‘സൗരയൂഥത്തിൽ,’ ‘മാനേ മാനേ,’ ‘ശാരികേ’ എന്നീ 5 ഗാനങ്ങളും ഹിറ്റ്.

7. ചില ആദ്യകാല ഹിറ്റുകളും സംഗീത സംവിധായകരും ചിത്രങ്ങളും: ‘കിളി ചിലച്ചു’ (കെപി ഉദയഭാനു, ‘സമസ്യ’), ‘മധുമക്ഷികേ’ (എറ്റി ഉമ്മർ, ‘ചീഫ് ഗസ്റ്റ്’), ‘കണ്ണെഴുതി പൊട്ട് തൊട്ട്’ (എം.കെ അർജ്ജുനൻ, ‘ടൂറിസ്റ്റ് ബംഗ്ളാവ്’) ‘മനസിന്റെ താളുകൾക്കിടയിൽ’ (ശ്യാം, ‘ധീരസമീരേ യമുനാതീരേ’)

8. മരണത്തിന് ആറ് വർഷങ്ങൾക്ക് ശേഷം ഒ.എൻ.വി ഗാനം സിനിമയിൽ ഉപയോഗിച്ചു ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ‘ദേവദൂതർ പാടി’. ‘സമാഗമം’ എന്ന ചിത്രത്തിലെ ‘വാഴ്ത്തിടുന്നിതാ’ എന്ന ഗാനം ‘തിരികെ’ എന്ന ചിത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

9. ലളിത ഗാനങ്ങളിലെ ആദ്യകാല ഹിറ്റാണ് ‘നിറയോ നിറ നിറയോ’ എന്ന ഗാനം (തരംഗിണിയുടെ ഓണപ്പാട്ടുകൾ). സംഗീതം ആലപ്പി രംഗനാഥ്.

10. മൺസൂൺ എന്ന ചിത്രത്തിനായി ഒ.എൻ.വിയും, മകൻ രാജീവ് ഒ.എൻ.വിയും (സംഗീതം), കൊച്ചുമകൾ അപർണ്ണ രാജീവും (ഗായിക) ഒരുമിച്ചു.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: