LIFEMovie

പഠാനിൽ ഷാരൂഖ് വാങ്ങിയ പ്രതിഫലത്തി​ന്റെ കണക്ക് പുറത്ത്; 12 ദിവസംകൊണ്ട് ചിത്രം നേടിയത് 832 കോടി, അപ്പോൾ കിങ് ഖോനിന് എത്ര കിട്ടി ?

മുംബൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഷാരൂഖ് ഖാൻ ചിത്രം വരുന്നുവെന്ന് കേട്ടപ്പോൾ തന്നെ ഏറെ പ്രതീക്ഷയിൽ ആയിരുന്നു ബോളിവുഡ്. തുടരെ ഉള്ള പരാജയങ്ങളിൽ നിന്നും കരകയറാനുള്ള വഴി എന്നത് തന്നെയായിരുന്നു അതിന് കാരണം. ബോളിവുഡിനെ പഴയപ്രതാപത്തിലേക്ക് എത്തിക്കാൻ ഷാരൂഖ് ചിത്രത്തിന് സാധിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകളും വിലയിരുത്തി. ആ പ്രതീക്ഷകളും വിലയിരുത്തലുകളും അന്വർത്ഥമാക്കിയാണ് ഓരോ ദിവസത്തെയും ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇപ്പോഴിതാ 12 ദിവസത്തിൽ പഠാൻ നേടിയ കളക്ഷൻ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം ലോകമെമ്പാടുമായി 832 കോടിയാണ് പഠാൻ സ്വന്തമാക്കിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാലയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 429.90 കോടിയും മൊത്തം 515 കോടിയുമാണ് നേടിയിരിക്കുന്നത്. ഓവർസീസ് ഗ്രോസ് 317.20 കോടിയുമാണെന്ന് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നു. ഈ ആഴ്ച അവസാനിക്കുന്നതോടെ പഠാൻ 1000കോടി തൊടുമെന്നാണ് വിലയിരുത്തലുകൾ.

ഇതേ സമയം തന്നെയാണ് പഠാനിൽ ഷാരൂഖ് വാങ്ങിയ പ്രതിഫലം എത്രയെന്ന വാർത്തകളും പുറത്തുവരുന്നത്. ബിഗ് ബജറ്റിലാണ് പഠാൻ യാഷ് രാജ് ഫിലീംസ് ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് വൃത്തങ്ങളുടെ കണക്ക് പ്രകാരം ഏകദേശം 250 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ചെലവ് . ഇതിൽ ഷാരൂഖ് 35-40 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത് എന്ന് ട്രേഡ് അനലിസ്റ്റിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ ഡോട്ട് ഇൻ പറയുന്നു.

ദക്ഷിണേന്ത്യയിൽ വിജയ് പോലും 100 കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങുമ്പോൾ ഷാരൂഖിന് ഇത്രയും താഴ്ന്ന തുകയോ എന്നതാണ് സംശയമെങ്കിൽ ഇതിൽ മറ്റൊരു കാര്യമുണ്ട്. സിനിമയിൽ ലാഭം പങ്കിടൽ കാരാറും ഇതിന് പുറമേയുണ്ട്. അതിനാൽ തന്നെ ചിത്രം 1000 കോടി ബോക്സ് ഓഫീസിൽ എത്തിയാൽ ഷാരൂഖിനെ കാത്തിരിക്കുന്നത് വലിയ തുകയാണ്. അക്ഷയ് കുമാർ, ആമിർ ഖാൻ, സൽമാൻ ഖാൻ തുടങ്ങി ഒട്ടനവധി ബോളിവുഡ് താരങ്ങൾ ഈ പ്രൊഫിറ്റ് മോഡലിലാണ് തങ്ങളുടെ ശമ്പളം വാങ്ങുന്നത്. കുറഞ്ഞ സൈനിംഗ് ഫീസ് ഈടാക്കുകയും സിനിമ വിജയിച്ചാൽ അതിൻറെ ലാഭത്തിൻറെ ഒരു ഭാഗം വാങ്ങുകയും ചെയ്യുന്ന രീതിയാണ് ഇത്. ഹോളിവുഡിൽ അടക്കം നിലവിലുള്ള ശമ്പള രീതിയാണ് ഇത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: