ജയ്പുര്‍: രാത്രി പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. രാജസ്ഥാനിലെ ഝാലോര്‍ ജില്ലയിലാണ് സംഭവം. യുവാവിനെ മര്‍ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനമേറ്റ യുവാവിനെതിരേ പോക്സോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണിത്.
ഞായറാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോളാണ് യുവാവിനെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം. മരത്തില്‍ കെട്ടിയിട്ട യുവാവിനെ നാട്ടുകാരും ബന്ധുക്കളും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിനിടെ, യുവാവിന്റെ ബന്ധുക്കളെത്തി അഭ്യര്‍ഥിച്ചെങ്കിലും നാട്ടുകാര്‍ പിന്‍വാങ്ങിയില്ല. ഒടുവില്‍ നിര്‍ബന്ധിച്ച് മൂത്രം വായിലൊഴിക്കുകയും കുടിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് വിട്ടയച്ചത്.
യുവാവിനെ മര്‍ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍, ആരും പരാതി നല്‍കാത്തതിനാല്‍ പോലീസ് മര്‍ദനമേറ്റ യുവാവിനെ അന്വേഷിച്ച് കണ്ടുപിടിക്കുകയും പിന്നീട് ഇയാളില്‍നിന്ന് പരാതി വാങ്ങി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. അതേസമയം, മര്‍ദനമേറ്റ യുവാവിനെതിരേ പെണ്‍കുട്ടിയും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.