KeralaNEWS

കോളേജിലേക്കുള്ള യാത്രക്കിടെ ബസില്‍ തളര്‍ന്നുവീണ വിദ്യാര്‍ഥിനിയെ അതേ ബസില്‍ തന്നെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

കൽപ്പറ്റ: കോളേജിലേക്കുള്ള യാത്രക്കിടെ ബസിൽ തളർന്നുവീണ വിദ്യാർഥിനിയെ അതേ ബസിൽ തന്നെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ. പമരം കമ്പളക്കാട് സ്വദേശിനി റിഷാന (19) യാണ് കഴിഞ്ഞ ദിവസം മാനന്തവാടിയിൽ നിന്ന് പുറപ്പെട്ട ബസിൽ തളർന്നുപോയത്. വൈത്തിരിക്കടുത്ത തളിപ്പുഴയിൽ എത്തിയപ്പോഴായിരുന്നു സംഭവം. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ മറ്റു യാത്രക്കാരുടെ സമ്മതത്തോടെ തന്നെ മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടർ ഷിബുവും ഡ്രൈവർ ബിനു ജോസും വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു.

രാവിലെ ആറരയോടെ മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ബസ്. തളിപ്പുഴ എത്തിയപ്പോൾ റിഷാനക്ക് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ബസിനകത്തു കുട്ടി തളർന്നു വീഴുകയും ചെയ്തു. ഇതോടെ ബസ് റോഡരികിൽ നിർത്തുകയും ഇതേ വാഹനത്തിൽ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോകാമെന്ന് തീരുമാനിക്കുകയുമായിരുന്നു. വളരെ അത്യാവശ്യക്കാരായ യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിടാനുള്ള ഏർപ്പാടുകൾ ചെയ്തതിന് ശേഷമാണ് ബസ് വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ച് വിട്ടത്.

ആശുപത്രിയിലെത്തിയ ഉടൻ റിഷാനയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടർമാർ പരിശോധിക്കുകയും ബസ് ജീവനക്കാർ റിഷാനയുടെ ബന്ധുക്കളെ വിവരമറിയിക്കുകയുമായിരുന്നു. അധികം തിരക്കില്ലാത്ത യാത്രക്കാർ ആശുപത്രിയാത്രയിലും ജീവനക്കാർക്ക് ഒപ്പം കൂടിയിരുന്നു. ആശുപത്രിയിൽ ഈ യാത്രക്കാരും കുട്ടിയെ സഹായിച്ചിരുന്നു. റിഷാനക്ക് കുഴപ്പമില്ലെന്ന് ഡോക്ടർമാർ അറിയിച്ചതിന് ശേഷം ബസ് കോഴിക്കോട്ടേക്കുള്ള യാത്ര തുടർന്നു. നേരത്തെ ബസിലുണ്ടായിരുന്ന ഡോ. സ്വാമിനാഥൻ (റിട്ട. സർജ്ജൻ) റിഷാനക്ക് ബസിനകത്ത് വെച്ച് തന്നെ പ്രാഥമിക ചികിത്സ നൽകിയിരുന്നു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: