ന്യൂഡല്‍ഹി/ചെന്നൈ: മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ബിജെപി മഹിള മോര്‍ച്ച നേതാവു കൂടിയായ അഭിഭാഷക എല്‍.സി.വിക്ടോറിയ ഗൗരിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ഗൗരിയുടെ ജഡ്ജി നിയമനം റദ്ദാക്കി ഉത്തരവ് ഇറക്കാന്‍ കഴിയില്ലെന്ന് കോടതി. ഈ ഘട്ടത്തില്‍ റദ്ദാക്കുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും. പുനഃപരിശോധിക്കാന്‍ കൊളീജിയത്തോട് ആവശ്യപ്പെടുന്നത് അസാധാരണമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ജഡ്ജിയാകാന്‍ അനുയോജ്യയോ എന്നു കോടതിക്കു പറയാനാകില്ലെന്നും യോഗ്യത പരിശോധിക്കാന്‍ മാത്രമേ കോടതിക്കാകൂ എന്നും വാദത്തിനിടെ കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അതേസമയം, അഡീഷനല്‍ ജഡ്ജിയായി വിക്ടോറി ഗൗരി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പത്തരയ്ക്ക് മദ്രാസ് ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് വിക്ടോറിയ ചുമതലയേറ്റത്.
നേരത്തെ, ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് രാവിലെ 9.15ന് ഹര്‍ജി പരിഗണിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, പിന്നീട് പുതിയ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു. ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയെന്ന ആരോപണ നിഴലിലുള്ള ഗൗരിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയായിരുന്നു വിക്ടോറിയയെ ജഡ്ജിയായി നിയമിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തിടുക്കപ്പെട്ട തീരുമാനം.
മഹിളാമോര്‍ച്ച ജനറല്‍ സെക്രട്ടറിയാണു താനെന്നു ഗൗരി തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നു. കൊളീജിയം പേരു ശിപാര്‍ശ ചെയ്തതിനു പിന്നാലെ, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇവരുടെ നിലപാടു ചൂണ്ടിക്കാട്ടി അയോഗ്യത പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജിയെത്തിയത്. മദ്രാസ് അഭിഭാഷക ബാറിലെ ചിലരും ഗൗരിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി 10 നു പരിഗണിക്കാനിരിക്കെയാണു നിയമനവിവരം നിയമമന്ത്രി കിരണ്‍ റിജിജു പ്രഖ്യാപിച്ചത്. തുടര്‍ന്നു ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നു ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
അയോഗ്യത ബോധ്യപ്പെട്ടാല്‍ രാഷ്ട്രപതിയുടെ വിജ്ഞാപനം ഒഴിവാക്കാന്‍ കോടതിക്ക് ഇടപെടാവുന്നതാണെന്നു മുന്‍കാല വിധികളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരെക്കുറിച്ചുള്ള പല സുപ്രധാന വിവരങ്ങള്‍ കൊളീജിയത്തില്‍നിന്നു മറച്ചുവച്ചുവെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. നിയമന ഉത്തരവു റദ്ദാക്കണമെന്നാണ് അഭിഭാഷകരായ അന്ന മാത്യൂസ്, സുധാ രാമലിംഗം, ഡി. നാഗശില എന്നിവര്‍ നല്‍കിയ ഹര്‍ജിയിലുള്ളത്.