ജസീലയെ കള്ളിയാക്കിയത് കടംവാങ്ങിയ രണ്ടുപവൻ തിരികെ ചോദിക്കുമോയെന്ന സംശയത്തിൽ? ഭർത്താവിനേയും വീട്ടുകാരെയും അയൽവാസിയായ യുവാവിനേയും ചോദ്യം ചെയ്യും

വിദ്യാനഗർ (കാസർകോട്): അയൽവീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ചെന്ന ആരോപണത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ മാതാപിതാക്കളെയും ബന്ധുക്കളെയും അയൽവാസികളെയും കണ്ട് പോലീസ് മൊഴിയെടുത്തു. കൂടാതെ വിദേശത്തുനിന്നെത്തിയ ഭർത്താവിനേയും വീട്ടുകാരെയും അയൽവാസിയായ യുവാവിനേയും ചോദ്യം ചെയ്യും.
കഴിഞ്ഞദിവസമാണ് ആലംപാടി നാലത്തടുക്കയിലെ ജസീല(24)യാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. അയൽവീട്ടിലെ സ്വർണം മോഷ്ടിച്ചെന്ന പരാതിയിൽ ജസീലയെ ആദൂർ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ അയൽവാസിയായ സുഹൃത്തിന്റെ വീട്ടുകാർക്കും ഭർതൃവീട്ടുകാർക്കും പോലീസിനുമെതിരേ മൊബൈലിൽ വീഡിയോ റെക്കോഡ് ചെയ്ത ശേഷം വിഷം കഴിക്കുകയായിരുന്നു.
ഇതിനിടെ ഫാൻസി കടയുടെ ആവശ്യത്തിന് രണ്ടുപവൻ സ്വർണം ജസീലയുടെ പക്കൽനിന്ന് ഒരാൾ വാങ്ങിയിരുന്നതായും അത് തിരികെ ചോദിക്കുമെന്ന് ഭയന്നാണ് സ്വർണമോഷണക്കഥ മെനഞ്ഞതെന്നും പോലീസിന് സൂചന ലഭിച്ചതായി അറിയുന്നു. ജസീലയെ മോഷ്ടാവായി ചിത്രീകരിക്കാൻ ശ്രമം നടന്നതായും വ്യക്തമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചിലർ ജസീലയുടെ നാലത്തടുക്കയിലെ വീട്ടിലെത്തി ഇതുസംബന്ധിച്ച് പ്രശ്നമുണ്ടാക്കിയതും മാനസികസംഘർഷത്തിനിടയാക്കിയതായാണ് വിവരം.
അതേസമയം വിദ്യാനഗർ പോലീസ് ഇൻസ്പെക്ടർ കെ.പി.ഷൈൻ തിങ്കളാഴ്ച ജസീലയുടെ നാലത്തടുക്കയിലെ വീട്ടിലെത്തി മാതാവ് മുംതാസ്, പിതാവ് ജസീൽ എന്നിവരുടെയും അടുത്ത ബന്ധുക്കളുടെയും അയൽവാസികളുടെയും ഉൾപ്പെടെ 17 പേരുടെ മൊഴിയെടുത്തു. മജിസ്ട്രേറ്റിന് ജസീല നൽകിയ മരണ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.
ഇതിനിടെ വിദേശത്തായിരുന്ന ഭർത്താവ് അമീർ മരണവിവരമറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച അമീറിനെയും വീട്ടുകാരെയും അയൽവാസിയായ യുവാവിനെയും പോലീസ് ചോദ്യംചെയ്യും. ഭർതൃവീടിന് സമീപത്തെ വീട്ടിൽനിന്ന് ഒൻപതര പവൻ സ്വർണം കാണാതായതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിലാണ് ജസീലയെ പോലീസ് ചോദ്യംചെയ്തത്. ‘എന്റെ വാക്കുകൾ ആരും വിശ്വസിക്കുന്നില്ല. പോലീസ് പോലും എന്റെ പരാതി സ്വീകരിക്കുന്നില്ല. ഒരു മോഷ്ടാവായി എനിക്കിനി ജീവിക്കാൻ കഴിയില്ല’ -മരണത്തിന് മുമ്പ് ജസീല കരഞ്ഞുകൊണ്ട് റെക്കോഡ് ചെയ്ത സന്ദേശത്തിൽ പറയുന്നു.






