ന്യൂയോര്‍ക്ക്: ആമസോണിനും ഗൂഗിളിനും പിന്നാലെ കൂട്ടപ്പിരിച്ചുവിടലിന് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖ അമേരിക്കന്‍ കമ്പനിയായ ഡെല്‍ ടെക്‌നോളജീസും. വിപണിയില്‍ പേഴ്‌സണ്‍ കമ്പ്യൂട്ടറിന്റെ ആവശ്യകത കുറഞ്ഞ പശ്ചാത്തലത്തിലാണ് ഏകദേശം 6650 പേരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചത്. ആഗോളതലത്തില്‍ കമ്പനിയുടെ പേഴ്‌സണ്‍ കമ്പ്യൂട്ടറിന്റെ ആവശ്യകതയില്‍ ഇടിവ് വന്നതായി കോ-ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ജെഫ് ക്ലാര്‍ക്ക് പറഞ്ഞു.
വിപണിയിലെ സാഹചര്യങ്ങള്‍ ഭാവിയും അനിശ്ചിതമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ മൊത്തം തൊഴില്‍ശേഷിയുടെ അഞ്ചുശതമാനം ആളുകളെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 2022ലെ അവസാന പാദത്തില്‍ മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ഡെല്ലിന്റെ പേഴ്‌സണ്‍ കമ്പ്യൂട്ടറിന്റെ കയറ്റുമതിയില്‍ 37 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. ഡെല്ലിന്റെ വരുമാനത്തില്‍ 55 ശതമാനവും പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ബിസിനസില്‍ നിന്നാണ്.
നഷ്ടം കൂടിയതോടെ പന്ത്രണ്ടായിരം ജീവനക്കാരെ പിരിച്ചു വിടാൻ ഓൺലൈൻ ലേണിങ് ആപ്പായ ബൈജൂസും തീരുമാനിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ ജീവനക്കാരെ പിരിച്ചുവിട്ടതിന് ഗൂഗിളും ഏറെ പഴി കേട്ടു. വിപണിയിലുണ്ടായ തിരിച്ചടി പരിഹരിക്കാൻ വമ്പൻ കമ്പനിയായി ഫിലിപ്സും കണ്ട കുറുക്കുവഴി ജീവനക്കാരെ പിരിച്ചു വിടുകയെന്നതായിരുന്നു. ഇതേ വഴിയിലാണ് ഇപ്പോൾ ഡെല്ലിന്റെയും സഞ്ചാരം.