ഗുവാഹത്തി: ശൈശവ വിവാഹങ്ങള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ നടപടി തുടരവെ, വിവാഹം നിശ്ചയിച്ച 17 വയസുകാരി ജീവനൊടുക്കി. ശൈശവ വിവാഹത്തിന്റെ പേരിൽ വീട്ടുകാർക്കെതിരേ നടപടിയെടുക്കുമെന്ന് ഭയന്നാണ് ജീവനൊടുക്കിയെന്നു ബന്ധുക്കൾ. നിഷേധിച്ച് പോലീസ്. അസമിലെ കച്ചാര്‍ ജില്ലയിലാണ് സംഭവം.
കുടുംബത്തിന്റെ ആരോപണം പൊലീസ് നിഷേധിച്ചു. പ്രഥമദൃഷ്ട്യ ആത്മഹത്യയാണെന്നും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണ കാരണം വ്യക്തമാകുമെന്നും കച്ചാര്‍ എസ്പി പറഞ്ഞു. പെണ്‍കുട്ടിക്ക് അവളുടെ കുടുംബവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാണും. ശൈശവവിവാഹത്തിനെതിരായ നടപടിയുമായി പെണ്‍കുട്ടിയുടെ മരണത്തിന് യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് പറഞ്ഞു.
ശൈശവ വിവാഹങ്ങള്‍ക്കെതിരെ അസം സർക്കാര്‍ നടപടികള്‍ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നാലായിരത്തി അഞ്ഞൂറോളം ശൈശവ വിവാഹകേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 14 വയസിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്കെതിരെ കേസെടുക്കാനുള്ള അസം മന്ത്രിസഭയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്. 14നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവരെ ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം വിചാരണ ചെയ്യുമെന്ന് അസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. 14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്ക് ജാമ്യമില്ലാ വകുപ്പുകളും 14നും 16നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചിരുന്നു.
ശൈശവ വിവാഹങ്ങളും നേരത്തെയുള്ള മാതൃത്വവും തടയാന്‍ ലക്ഷ്യമിട്ടാണ് അസം മന്ത്രിസഭയുടെ പുതിയ നടപടികള്‍. മതസ്ഥാപനങ്ങളില്‍ ഇത്തരം വിവാഹ ചടങ്ങുകള്‍ നടത്തിയ 51 പുരോഹിതന്മാരെയും കാസിമാരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.