
കോട്ടയം: ഈരാറ്റുപേട്ടയില്‍ ശൗചാലയ മാലിന്യം നിക്ഷേപിച്ച് കടന്നുകളഞ്ഞ കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തൈക്കാട്ടുശ്ശേരി തോട്ടുചിറയില്‍ വീട്ടില്‍ സഹദേവന് മകന് സിജു (35), ആലപ്പുഴ തൈക്കാട്ടുശ്ശേരി പുത്തന്‍വെളി വീട്ടില്‍ കുഞ്ഞുമണി മകന് കുട്ടന് എന്ന് വിളിക്കുന്ന വിനീത് (27), ആലപ്പുഴ തൈക്കാട്ടുശ്ശേരി കണിയംവെളി വീട്ടില്‍ കൃഷ്ണന് മകന് സജീവ് .കെ(41) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇന്നലെ വെളുപ്പിനെ 12.30 മണിയോടെ തലപ്പലം കീഴമ്പാറ ഭാഗത്തുള്ള മീനച്ചിലാറ്റിലേക്കുള്ള കൈത്തോട്ടില്‍ ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യം തള്ളിയ ശേഷം കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷന് എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ വിഷ്ണു വി.വി, ഷാബു മോന് ജോസഫ്, സി.പി.ഓ മാരായ ജിനു കെ.ആര്, ശ്യാം കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.









