ന്യൂഡൽഹി: സുപ്രീം കോടതിയിലേക്ക് അഞ്ച് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള കൊളീജിയത്തിന്റെ ശുപാർശ ഉടൻ അംഗീകരിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നിയമന ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി അറിയിച്ചു. സുപ്രീംകോടതിയിലേക്ക് ജഡ്ജിമാരായി വിവിധ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പങ്കജ് മിത്തൽ, ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുടെ പേര് ഡിസംബർ 13-ന് കൊളീജിയം ശുപാർശ ചെയ്തിരുന്നു. എന്നാൽ, അതിൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ വൈകുന്നത് വിവാദമായിരുന്നു.
അതേസമയം, ജഡ്ജി നിയമനത്തിൽ സുപ്രീം കോടതിയുമായി ഏറ്റുമുട്ടുന്ന കേന്ദ്ര സർക്കാർ, സുപ്രീംകോടതിയിലെയും ഹൈകോടതിലെയും ജഡ്ജിമാരുടെ നിയമനത്തിനായുള്ള നടപടിക്രമ പത്രിക (മെമോറാണ്ടം ഓഫ് പ്രൊസീജിയർ) ഇതുവരെ തയാറാക്കിയിട്ടില്ലെന്ന് പാർലമെന്റിനെ അറിയിച്ചു. കെ. മുരളീധരൻ എം.പിയുടെ ചോദ്യത്തിനുത്തരമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം ലോക്സഭയെ അറിയിച്ചത്.
ദേശീയ ന്യായാധിപ നിയമന കമ്മീഷൻ കേസിൽ വിധി പറഞ്ഞപ്പോൾ ജഡ്ജി നിയമനത്തിന്റെ നടപടിക്രമം പുനർനിർണയിക്കാൻ മെമോറാണ്ടം ഓഫ് പ്രൊസീജിയർ രൂപപ്പെടുത്താൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 2021ൽ നടപടിക്രമ നിർദേശം ത്വരിതപ്പെടുത്താൻ സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശവും നൽകിയിരുന്നു. എന്നാൽ, ഇതുവരെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും 2023 ജനുവരി ആറിന് കേന്ദ്ര സർക്കാർ, ചീഫ് ജസ്റ്റിസിന് ഇക്കാര്യവുമായി ബന്ധപ്പെട്ട് കത്ത് നൽകിയിരുന്നുവെന്നും അതിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.