LIFEMovie

ആരാധകരെ പുളകം കൊള്ളിക്കാൻ വിജയ് യുടെ “ബ്ലഡി സ്വീറ്റ് ലിയോ”; ഒ.ടി.ടി. റൈറ്റ് റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി നെറ്റ്ഫ്ളിക്സ്, സാറ്റലൈറ്റ് റൈറ്റ് സൺ ഗ്രൂപ്പിന്

കാത്തിരിപ്പുകൾക്കൊടുവിൽ, ലോകേഷ് കന​ഗരാജ് സംവിധാനം ചെയ്ത് വിജയ് നായകനാവുന്ന പുതിയ ചിത്രത്തിന് പേരായി. ‘ലിയോ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ‘ബ്ലഡി സ്വീറ്റ്’ എന്നാണ് ടാ​ഗ് ലൈൻ. അനിരുദ്ധ് ഈണമിട്ട ബ്ലഡി സ്വീറ്റ് എന്ന ​ഗാനത്തിന്റെ അകമ്പടിയോടെയാണ് ടൈറ്റിൽ ടീസർ എത്തിയത്. ഔദ്യോഗികമായി ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പു തന്നെ വിജയിയുടെ 67-ാം ചിത്രം “ബ്ലഡി സ്വീറ്റ് ലിയോ”യുടെ ഡിജിറ്റൽ, സാറ്റലൈറ്റ് റൈറ്റുകൾ വിറ്റു പോയി. ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സാണ് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. റെക്കോർഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ലിയോയുടെ ഒടിടി അവകാശം സ്വന്തമാക്കിയതെന്ന് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. കൂടാതെ ചിത്രത്തിന്റെ സാറ്റ്ലൈറ്റ് അവകാശം സൺ ഗ്രൂപ്പും നേടിയെന്ന് നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ പ്രഖ്യാപിച്ചു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ദളപതി 67 കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകര്‍ ഏറ്റെടുത്തത്. ബോളിവുഡിലേയും തെന്നിന്ത്യയിലേയും നിരവധി സൂപ്പര്‍താരങ്ങളും ചിത്രത്തിലുണ്ട്. മാസ്റ്ററിനു ശേഷം വിജയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ഇത്. തൃഷ കൃഷ്ണയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. വിജയും തൃഷയും 14 വര്‍ഷത്തിനു ശേഷമാണ് ഒരുമിക്കുന്നത്. സഞ്ജയ് ദത്ത്, മാത്യു തോമസ്, അര്‍ജുന്‍ സര്‍ജ, മിസ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അതേസമയം എന്റർടെയ്‌ൻമെന്റ് രംഗത്തെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പാസ്‌വേഡ് ഷെയറിങിന് നിയന്ത്രണം ഏർപ്പെടുത്തിയത് കാണികൾക്ക് വൻ തിരിച്ചടിയാണ്. ഇനി മുതല്‍ ഒരു വീട്ടിലുള്ളവർ അല്ലാതെ മറ്റാര്‍ക്കും നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് ഉപയോഗിക്കാന്‍ സാധിക്കില്ല. പുതിയ അപ്‌ഡേറ്റിലാണ് നെറ്റ്ഫ്ലിക്സ് പാസ് വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

ഉപഭോക്താവ് അക്കൗണ്ട് ലോഗിന്‍ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷന്‍ ഇതിനായി പരിഗണിക്കും. ഉപഭോക്താക്കള്‍ ഒരു വീട്ടിൽ തന്നെയാണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ മാസം തോറും ഒരിക്കലെങ്കിലും അവരുടെ ഉപകരണങ്ങള്‍ ഒരേ വൈഫൈയില്‍ കണക്റ്റ് ചെയ്യാന്‍ ആവശ്യപ്പെടും. ഒരേ വീട്ടിലല്ലാതെ മറ്റൊരിടത്ത് താമസിക്കുന്നയാള്‍ക്ക് അക്കൗണ്ട് പാസ് വേഡ് കൈമാറുന്നതിന് ഉപഭോക്താവ് അധിക തുക നല്‍കണം. പുറത്തുനിന്നുള്ളവര്‍ക്ക് നിങ്ങളുടെ പ്ലാനില്‍ ലോഗിന്‍ ചെയ്യണമെങ്കില്‍ താല്‍കാലിക കോഡ് ആവശ്യമാണ്. ഈ കോഡ് ഉപയോഗിച്ചുള്ള ലോഗിന് ഏഴ് ദിവസത്തെ വാലിഡിറ്റി ആണ് ഉണ്ടാകുക. പരമാവധി ഉപഭോക്താക്കളെ പണം നല്‍കി നെറ്റ്ഫ്ലിക്സ് കാണാന്‍ നിര്‍ബന്ധിതരാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: