ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരേ വിദ്വേഷ പരാമർശവുമായി യോഗാ ഗുരു ബാബാ രാംദേവ്. മുസ്‌ലിങ്ങള്‍ നമസ്‌കാരത്തിന്റെ മറപിടിച്ച് തീവ്രവാദം വളര്‍ത്തുമ്പോള്‍ ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനം നടത്തിക്കുന്നതിന്റെ തിരക്കിലാണ് എന്നായിരുന്നു രാംദേവിന്റെ വിവാദ പരാമര്‍ശം. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു രാംദേവിന്റെ പരാമര്‍ശം.
‘ഏതൊരു മുസ്‌ലിമിനോട് ഇസ്‌ലാം എന്താണെന്ന് ചോദിച്ചാലും അവര്‍ പറയുക, നമസ്‌കരിക്കുക, ഓതുക എന്നിട്ട് എന്ത് വേണമെങ്കിലും ചെയ്യാം എന്നായിരിക്കും. അതിനി ഹിന്ദു സ്ത്രീകളെ തട്ടിയെടുക്കുന്ന കാര്യത്തിലായാലും ശരി, നമസ്‌കരിച്ചാല്‍ അവര്‍ക്കത് തെറ്റാകില്ല. ഇതാണ് അവരെ സംബന്ധിച്ച് ഇസ്ലാമിന്റെ വ്യാഖ്യാനം. നമ്മുടെ മുസ്ലിം സഹോദരങ്ങള്‍ പാപികളാണ്,’ – രാംദേവ് പറഞ്ഞു.
ക്രിസ്ത്യാനികളേയും രാംദേവ് രൂക്ഷമായി വിമര്‍ശിച്ചു. ”ക്രിസ്ത്യാനിറ്റി എന്താണ് പറയുന്നത്? പള്ളിയില്‍ പോയി മെഴുകുതിരി കത്തിച്ച് കര്‍ത്താവായ യേശുവിന്റെ മുന്നില്‍ നില്‍ക്കൂ, നിങ്ങളുടെ എല്ലാ പാപങ്ങളും കഴുകി കളയപ്പെടും എന്നാണ്. അവര്‍ക്ക് തങ്ങളുടെ മതം എല്ലാവരും അംഗീകരിക്കണം എന്നാണ് ആവശ്യം. അതിന് പരിവര്‍ത്തനം നടത്തി മറ്റുള്ളവരെ തങ്ങളുടെ മതത്തിലേക്ക് എത്തിക്കുന്ന തിരക്കിലാണ് അവര്‍,’ രാംദേവ് പറഞ്ഞു. അതേസമയം താന്‍ ഒരു മതത്തിനും എതിരല്ലെന്നും സനാതന ധര്‍മ്മം മനുഷ്യരാശിയെ സേവിക്കുന്നതിന് മാത്രമാണെന്നും രാംദേവ് പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തിയ രാംദേവിനെതിരേ നടപടി ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.