ന്യൂഡല്‍ഹി: നാലര മാസം മുന്‍പ് കന്യാകുമാരിയില്‍നിന്നു രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട ഭാരത് ജോഡോ യാത്ര നാളെ ശ്രീനഗറില്‍ സമാപിക്കും. 136 ദിവസം കൊണ്ട് 4080 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര ശ്രീനഗറിലെത്തുന്നത്. നാഷനല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല എന്നിവര്‍ക്കു പിന്നാലെ പി.ഡി.പി മേധാവി മെഹബൂബ മുഫ്തിയും ഇന്നലെ യാത്രയില്‍ അണിചേര്‍ന്നു. കശ്മീരിലെ 2 പ്രമുഖ പ്രാദേശിക കക്ഷികള്‍ രാഹുലിനു പരസ്യ പിന്തുണയുമായി രംഗത്തുവന്നത് ഇവിടെ പ്രതിപക്ഷ ഐക്യം ദൃഢമാകുന്നതിന്റെ സൂചനയായി. മകള്‍ക്കും അമ്മയ്ക്കുമൊപ്പമാണ് മെഹബൂബ രാവിലെ രാഹുലിനൊപ്പം നടന്നത്. പ്രിയങ്ക ഗാന്ധിയും യാത്രയില്‍ പങ്കാളിയായി.
കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച ഗുലാം നബി ആസാദ് കശ്മീര്‍ രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുകയാണ്. നാളെ ശ്രീനഗറില്‍ യാത്രയുടെ സമാപന സമ്മേളനം പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാക്കാനാണു കോണ്‍ഗ്രസിന്റെ ശ്രമമെങ്കിലും അതിലേക്ക് ആസാദിനെ ക്ഷണിച്ചിട്ടില്ല. 23 കക്ഷികളെയാണു ക്ഷണിച്ചിരിക്കുന്നത്. ഇതില്‍ 13 കക്ഷികള്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
അതേസമയം, പ്രബല കക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസ്, ബി.എസ്.പി, എസ്.പി, ജെ.ഡി.എസ്, ജെ.ഡി.യു, സി.പി.എം എന്നിവ സമ്മേളനത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത് ഐക്യ പ്രതിപക്ഷ നീക്കത്തിനു തിരിച്ചടിയാണ്. കേരളമടക്കം സംസ്ഥാനതലങ്ങളില്‍ കോണ്‍ഗ്രസിനോടുള്ള വിയോജിപ്പാണ് വിട്ടുനില്‍ക്കാന്‍ പല കക്ഷികളെയും പ്രേരിപ്പിക്കുന്നത്. തൃണമൂല്‍ ഒഴികെയുള്ള കക്ഷികളെല്ലാം യാത്രയ്ക്ക് ആശംസകള്‍ നേര്‍ന്നത് രാഹുലിനോട് മുന്‍പുണ്ടായിരുന്ന എതിര്‍പ്പ് കുറയുന്നതിന്റെ സൂചനയായി കോണ്‍ഗ്രസ് കാണുന്നു.
സുരക്ഷാ ഭീഷണി മൂലം വെള്ളിയാഴ്ച നിര്‍ത്തിവച്ച യാത്ര ഇന്നലെ രാവിലെ അവന്തിപുരയില്‍ നിന്ന് പുനരാരംഭിച്ചു. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയില്‍ നീങ്ങിയ യാത്രയില്‍ പ്രദേശവാസികള്‍ ആവേശത്തോടെ പങ്കെടുത്തു.