കോഴിക്കോട്: കുരങ്ങന്റെ കയ്യില്‍നിന്ന് താക്കോല്‍ വാങ്ങിയെടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് കൊക്കയിലേക്കു വീണു. താമരശ്ശേരി ചുരം വ്യൂ പോയിന്റിലാണ് സംഭവമുണ്ടായത്. മലപ്പുറം ഒതുക്കുങ്ങല്‍ പൊന്‍മള സ്വദേശി അയമു (38) ആണ് ലക്കിടി വ്യൂപോയിന്റില്‍ നിന്ന് താഴെക്ക് പതിച്ചത്. തുടര്‍ന്ന് ഇയാളെ ഫയര്‍ഫോഴ്സും ചുരംസംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
ഇന്ന്‌ലെ വൈകിട്ടാണ് സംഭവം ഉണ്ടാകുന്നത്. കുടുംബത്തോടൊപ്പമാണ് അയമു എത്തിയത്. കാഴ്ചകള്‍ കാണുന്നതിനിടെ ഇദ്ദേഹത്തിന്റെ കാറിന്റെ താക്കോല്‍ കുരങ്ങന്‍ കൈക്കലാക്കുകയായിരുന്നു. താക്കോലുമായി കുരങ്ങന്‍ താഴേക്ക് പോയി. ഇതോടെ താക്കോല്‍ തിരിച്ചെടുക്കാന്‍ അയമു സിമന്റ് പടവില്‍ പിടിച്ച് താഴേക്ക് ഇറങ്ങുകയായിരുന്നു. എന്നാല്‍, ബാലന്‍സ് നഷ്ടപ്പെട്ടു താഴേക്ക് പതിച്ചു.
ഉടന്‍ സ്ഥലത്തുണ്ടായിരുന്ന മറ്റു വാഹനയാത്രികരും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ഇതുവഴി എത്തിയ ലോറിയിലെ വടം ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഫയര്‍ഫോഴ്സ് കൂടി എത്തിയാണ് സ്ട്രെച്ചറില്‍ കയര്‍ ബന്ധിച്ച് ഏറെ പണിപ്പെട്ട് യുവാവിനെ മുകളിലേക്ക് എത്തിച്ചത്. അദ്ദേഹത്തെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാല്‍മുട്ടിന് പരിക്കേറ്റതായാണ് പ്രാഥമിക വിവരം.
വീഴ്ചയില്‍ കോണ്‍ക്രീറ്റ് പടവുകളില്‍ ശരീരഭാഗങ്ങള്‍ ഇടിക്കാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. കൂടുതല്‍ താഴേക്ക് പോകാതെ മനസാന്നിധ്യത്തോടെ ഇദ്ദേഹം നിന്നതും രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി. അപകടവിവരമറിഞ്ഞ് യാത്രക്കാരടക്കം നിരവധിയാളുകളാണ് വ്യൂപോയിന്റില്‍ തടിച്ചു കൂടിയത്.