മരുമകനെ മകരപ്പൊങ്കലിന് സ്വീകരിച്ചത് 173 വിഭവങ്ങള്‍ ഒരുക്കി! എവിടുന്നു തുടങ്ങും എന്നറിയാതെ മകളും മരുമകനും

ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ അതിന്റെ വൈവിധ്യം കൊണ്ട് ലോക പ്രശസ്തമാണ്. ഒരു സദ്യയില്‍ പോലും നമുക്ക് കഴിച്ച് തീര്‍ക്കാന്‍ പറ്റാത്തത്ര വിഭവങ്ങള്‍ വിളമ്പുന്നത് നമ്മള് കണ്ടിട്ടുണ്ട്. പൊതുവേ കേരളത്തില്‍ ഓണത്തിനാണ് ഇത്തരം വിഭവങ്ങള്‍ ഒരുക്കാറുള്ളത്. എന്നാല്‍, തമിഴ്നാട് മുതല്‍ അങ്ങോട്ടുള്ള സംസ്ഥാനങ്ങളില്‍ പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് ഏറെ പേരിട്ടതാണ്. അതുകൊണ്ടുതന്നെ ആ ദിവസം വിഭവ സമൃദ്ധമായ വിരുന്നാണ് അവിടുത്തുകാര്‍ ഒരുക്കാറുള്ളത്. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ ബീമാവാരത്തില്‍ നിന്നുള്ള ഒരു കുടുംബം തങ്ങളുടെ മരുമകനേ സ്വീകരിക്കാനായി ഒരുക്കിയ വിരുന്ന് വലിയ വാര്‍ത്തയായി മാറി. മകരസംക്രാന്തി ദിനത്തോടനുബന്ധിച്ച് 173 വിഭവങ്ങളുമായാണ് ഇവര്‍ മരുമകനെ സ്വീകരിച്ചത്. വ്യവസായിയായ തതവര്‍ത്തി ബദ്രിയും അദ്ദേഹത്തിന്റെ ഭാര്യ സന്ധ്യയും ചേര്‍ന്നാണ് ഇത്തരം ഒരു സ്വീകരണം ഒരുക്കിയത്.
മകള്‍ ഹരിതയും ഭര്‍ത്താവ് പൃഥ്വി ഗുപ്തയും വിഭവങ്ങള്‍ക്ക് മുന്നില്‍ വണ്ടറടിച്ചിരിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ വിരുന്നില്‍ വിവിധ തരത്തിലുള്ള ബിരിയാണികള്‍, ഹല്‍വ, വ്യത്യസ്തമായ ഇലക്കറികള്‍, വീട്ടില്‍ ഉണ്ടാക്കിയ ഐസ്ക്രീമുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.
ഇത്രയും വിഭവങ്ങള്‍ ഒരുമിച്ച് കണ്ടതിന്റെ ആശയക്കുഴപ്പം പൃഥ്വി ഗുപ്തയുടെ മുഖത്ത് കാണാം. ഏത് എടുക്കണം എന്നറിയാതെ അത്ഭുതം കൂറിയിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളും ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. ഗോദാവരി ജില്ലയിലുള്ളവര്‍ പൊതുവേ ആദിത്യ മര്യാദയ്ക്ക് വളരെയധികം പേരുകേട്ടവര്‍ കൂടിയാണ്. പൊങ്കലിനോട് അനുബന്ധിച്ച് വീട്ടിലെത്തുന്ന അതിഥികള്‍ക്ക് വിശേഷ ആഹാരങ്ങള്‍ ഒരുക്കി നല്കുന്ന ഒരു രീതി തന്നെ അവിടെ നിലവിലുണ്ട്. ഇത്തവണ സ്വന്തം മകളും മരുമകനുമാണ് വിശിഷ്ടാതിഥി എന്നതുകൊണ്ടുതന്നെ കുറച്ച് കളര്‍ ആക്കിയിരിക്കുകയാണ് വ്യവസായിയും ഭാര്യയും. ഏതായാലും ഈ വിരുന്നിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.