മുംബൈ: മദ്യപിച്ച് കാറിലും വീട്ടിലും അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ എ.സി.പിക്കെതിരേ കേസ്. മഹാരാഷ്ട്ര ഔറംഗാബാദിലെ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണര്‍ വിശാല്‍ ധൂമെയ്‌ക്കെതിരേ യുവതിയുടെ പരാതിയില്‍ സിറ്റി ചൗക്ക് പോലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ ഭര്‍ത്താവിനേയും ഭര്‍തൃമാതാവിനേയും മര്‍ദിക്കുകയും ചെയ്തു. കാറില്‍ വച്ചും വീട്ടിലെത്തിയും ലൈംഗീകാതിക്രമവും ആക്രമണവും നടത്തിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
താനും ഭര്‍ത്താവും കുടുംബവും പുറത്ത് ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. ഈ സമയം ഹോട്ടലില്‍ തങ്ങള്‍ ഇരുന്നതിന്റെ തൊട്ടപ്പുറത്തായിരുന്നു എ.സി.പിയും അയാളുടെ സുഹൃത്തും ഇരുന്നിരുന്നത്. ഭക്ഷണം കഴിച്ച ശേഷം തന്നെ കമ്മീഷണര്‍ ഓഫീസില്‍ ആക്കാന്‍ എ.സി.പി തന്റെ ഭര്‍ത്താവിനോട് പറഞ്ഞു. ഉടന്‍ തന്നെ എ.സി.പി കാറില്‍ കയറി ഇരിക്കുകയും തനിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയുമായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ശൗചാലയം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് എ.സി.പി യുവതിയുടെ വീട്ടിലെത്തി. യുവതിയുടെ മുറിയിലെ ശൗചാലയം തന്നെ ഉപയോഗിക്കണം എന്ന് ഇയാള്‍ വാശി പിടിച്ചു. ഇതോടെ ഭര്‍ത്താവും ഭര്‍തൃമാതാവും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഇരുവരോടും തട്ടിക്കയറുകയും മര്‍ദിക്കുകയുമായിരുന്നു എന്നും പരാതിയില്‍ വിശദമാക്കുന്നു. ഇതോടെ യുവതിയും കുടുംബവും പോലീസ് ഹെല്‍പ് ലൈനില്‍ വിളിച്ച് സഹായമാവശ്യപ്പെട്ടു. തുടര്‍ന്ന് േെപാലീസ് സംഘമെത്തി എ.സി.പിയെ ഇവിടെ നിന്നും പിടികൂടുകയായിരുന്നു.