Social MediaTRENDING

മരണാനന്തര ചടങ്ങിൽ ഫ്ലാഷ്മോബ്! സ്വന്തം മരണത്തിന് ബന്ധുക്കളെയും കൂട്ടുകാരെയും ഞെട്ടിക്കാൻ സർപ്രൈസ് ഒരുക്കിവച്ച 65 -കാരി

മ്മളാരും മരണം ആഘോഷിക്കുന്നവരല്ല. മാത്രമവുമല്ല മരണം എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് പേടിയുമാണ്. നമ്മുടെ മാത്രമല്ല, നമ്മുടെ പ്രിയപ്പെട്ടവരുടെ മരണവും നമുക്ക് സങ്കൽപിക്കാൻ പോലും പറ്റില്ല. എന്നാൽ, മരണത്തെ സ്വാഭാവികമായി കണ്ട് സ്വീകരിക്കുന്ന വളരെ വളരെ അപൂർവം പേരും ലോകത്തുണ്ട്. എന്നാൽ, സ്വന്തം മരണം ആഘോഷമായി കൊണ്ടാടാൻ നേരത്തെ പ്ലാൻ ചെയ്തുറപ്പിച്ച എത്ര പേർ കാണും?

ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ സ്വദേശിനിയായ സാൻഡി വുഡ് അത്തരത്തിൽ ഒരാളാണ്. വിവാഹത്തിനും പിറന്നാളിനും ഒക്കെ സർപ്രൈസ് ഒരുക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, സ്വന്തം മരണത്തിന് ബന്ധുക്കളെയും കൂട്ടുകാരെയും ഞെട്ടിക്കാൻ സർപ്രൈസ് ഒരുക്കി വയ്ക്കുന്നവരെ കണ്ടിട്ടുണ്ടോ? 65 -കാരിയായ സാൻഡി വുഡ് ചെയ്തത് അതാണ്. തന്റെ മരണശേഷം ഡാൻസ് കളിച്ച് എല്ലാവരെയും ഞെട്ടിക്കാൻ ഒരു ഡാൻസ് സംഘത്തെ തന്നെ തയ്യാറാക്കി വച്ചിട്ടാണ് അവർ മരണത്തിന് കീഴടങ്ങിയത്.

സംഭവിച്ചത് ഇങ്ങനെയാണ്, പള്ളിയിൽ സാൻഡി വുഡിന്റെ മരണാനന്തര ചടങ്ങുകൾ നടക്കുകയാണ്. പെട്ടെന്ന് പല ഭാ​ഗത്ത് ഇരുന്നിരുന്ന നാലുപേർ ജാക്കറ്റൊക്കെ മാറ്റി മുന്നോട്ട് വന്നു. അതുവരെ സാൻഡിയുടെ പരിചയക്കാർ എന്ന മട്ടിലിരുന്ന നാലുപേരും പിന്നീട് മുന്നിൽ നിന്നും ഡാൻസ് കളിക്കാൻ തുടങ്ങി. മരണാനന്തര ചടങ്ങിൽ ഇങ്ങനെ ഒരു സംഭവമുണ്ടായാൽ ആളുകൾ എത്രകണ്ട് അമ്പരക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? എല്ലാവരും ഞെട്ടിപ്പോയി.

അധികം വൈകാതെ ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നാവിൽ കാൻസറായിരുന്നു സാൻഡിക്ക്. എന്നാൽ, മരിക്കും എന്ന് ഉറപ്പായതോടെ അവർ തന്റെ മരണാനന്തരചടങ്ങുകൾ കളറാക്കാൻ തന്നെ തീരുമാനിച്ചു. സർപ്രൈസായി ഡാൻസ് ചെയ്യാൻ കുറേ പേരെ സാൻഡി സമീപിച്ചു. എന്നാൽ, പത്തോളം ഡാൻസ് ട്രൂപ്പുകൾ സാൻഡിയുടെ ആ​ഗ്രഹം സമ്മതിച്ചില്ല. മരണാനന്തരചടങ്ങിൽ നൃത്തം ചെയ്യാൻ പറ്റില്ല എന്ന് അറിയിച്ചു. ഒടുവിൽ സാമൂഹിക മാധ്യമത്തിലൂടെ കണ്ട ഫ്ലെയ്മിങ് ഫെദേഴ്സ് എന്ന സംഘമാണ് നൃത്തം ചെയ്യാൻ സമ്മതിച്ചത്.

മരണവും ജീവിതം പോലെ ആഘോഷമാക്കണമെന്നായിരുന്നു സാൻഡിയുടെ ആ​ഗ്രഹം. ആരും വിഷമിക്കരുത്, എല്ലാവരും പുഞ്ചിരിയോടെ തന്നെ ഓർക്കണം എന്നും സാൻഡി ആ​ഗ്രഹിച്ചു. അതുപോലെ 10 ലക്ഷം രൂപ മുടക്കി അവർ അതിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്തി. കുതിര വലിക്കുന്നതായിരുന്നു ശവമഞ്ചം. ഒപ്പം സാൻഡിക്ക് പ്രിയപ്പെട്ട ബാ​ഗുകളും ഷൂസും ഒക്കെ വച്ച് ഒരുക്കിയതായിരുന്നു ശവപ്പെട്ടി. ഏതായാലും മരണാനന്തരചടങ്ങുകൾ കണ്ടവർ ഒരു പുഞ്ചിരിയോടെ മാത്രമേ ഇനി സാൻഡിയെ ഓർക്കൂ എന്ന് ഉറപ്പാണ്.

Back to top button
error: