Movie

സത്യൻ, നസീർ, അംബിക എന്നിവരഭിനയിച്ച ‘ദേവത’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 58 വർഷം

സിനിമ ഓർമ്മ

കർണ്ണാടക സംഗീത ചക്രവർത്തി ഡോക്ടർ ബാലമുരളീകൃഷ്ണ പാടിയ ആദ്യ മലയാള സിനിമ ‘ദേവത’ റിലീസ് ചെയ്‌തിട്ട് 58 വർഷം. 1965 ജനുവരി 14 ന് ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തി. പി ഭാസ്‌ക്കരൻ എഴുതിയ ഗാനങ്ങൾക്ക് പി.എസ് ദിവാകർ ആയിരുന്നു സംഗീതം. ലെനിൻ രാജേന്ദ്രന്റെ ‘സ്വാതി തിരുനാളി’ൽ ‘ദേവന് കെ പതി ഇന്ദ്ര’ എന്ന ഹിന്ദി ഭജൻ ആലപിച്ച് കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട് ബാലമുരളീകൃഷ്ണ. അഞ്ച് ഡോക്ടറേറ്റുകൾ ലഭിച്ച ഏക സംഗീതജ്ഞനാണ് അദ്ദേഹം.

‘ദേവത’യ്ക്ക് രണ്ട് സംവിധായകരുണ്ടായിരുന്നു. സുബ്ബറാവു, കെ പത്മനാഭൻ നായർ. യഥാർത്ഥ സൗന്ദര്യം എന്താണ് എന്ന അന്വേഷണമാണ് കഥയുടെ മർമ്മം. മാദക സൗന്ദര്യമുള്ള രമ, ഇഷ്ടപ്പെട്ട പുരുഷന്റെ (മോഹനൻ) മുഖം ആസിഡ് വീണ് പൊള്ളിയപ്പോൾ അയാളെ അവഗണിച്ച് ഡോക്ടർ വേണുവിനെ വശീകരിക്കാൻ ശ്രമിക്കുന്നു. വേണു പക്ഷേ അതിലൊന്നും കുടുങ്ങിയില്ല. അന്ധയായ അമ്മിണിയുടെ കാഴ്‌ച വീണ്ടെടുക്കുന്നതിലാണ് അയാളുടെ ശ്രദ്ധ. ആസിഡ് പൊള്ളലേറ്റ മോഹനൻ അന്ധയായ അമ്മിണിയെ ഭാര്യയായി സ്വീകരിച്ചിരുന്നു. കാഴ്‌ച തിരിച്ചു കിട്ടിയ അമ്മിണി വിരൂപനായ ഭർത്താവിനെ കണ്ട് ആദ്യം ഒന്ന് അമ്പരന്നെങ്കിലും യാഥാർഥ്യത്തോട് സമരസപ്പെടുന്നു. രമയെപ്പോലെ ബാഹ്യസൗന്ദര്യത്തെയല്ല, ഹൃദയത്തെ ആണല്ലോ അവൾ സ്നേഹിക്കുന്നത്.
‘കണ്ണുകളെന്നാൽ കളവ് പറയും കള്ളസാക്ഷികൾ’ എന്നാണ് പി ഭാസ്‌ക്കരൻ ഒരു ഗാനത്തിലെഴുതിയത്.
സത്യൻ, നസീർ, അംബിക എന്നിവരായിരുന്നു മുഖ്യ താരങ്ങൾ.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: