യുഎഇയിലെ സാഹസിക വിനോദസഞ്ചാരത്തിന് പുതിയ ആവേശം പകരുകയാണ് ഷാര്‍ജ സ്‌കൈ അഡ്വഞ്ചേഴ്‌സ് പാരാഗ്ലൈഡിങ് സെന്റര്‍. ഷാര്‍ജ നിക്ഷേപവികസനവകുപ്പിന്റെ (ഷുറൂഖ്) നേതൃത്വത്തിലാണ് യുഎഇയില്‍ തന്നെ ആദ്യത്തെ ഔദ്യോഗിക ലൈസന്‍സുള്ള പാരാഗ്ലൈഡിങ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. അടുത്ത ദിവസങ്ങളില്‍ നടക്കുന്ന ഷാര്‍ജ രാജ്യാന്തര പാരാഗ്ലൈഡിങ് ചാംപ്യന്‍ഷിപിന് ശേഷം തിങ്കളാഴ്ച മുതല്‍ അതിഥികള്‍ക്കായി കേന്ദ്രം വാതില്‍ തുറക്കും.
ഷാര്‍ജയുടെ മധ്യമേഖലയില്‍ അല്‍ ഫയ റിട്രീറ്റിന് സമീപമായാണ് ഈ പുതിയ വിനോദകേന്ദ്രം. സാഹസിക സഞ്ചാരികളുടെ മനം നിറക്കാന്‍ പാകത്തിലുള്ള മനോഹരമായ കാഴ്ചകള്‍ ആകാശത്ത് പറന്നുനടന്ന് കാണാന്‍ അവസരമൊരുക്കുന്ന സ്‌കൈ അഡ്വഞ്ചേഴ്‌സ്, മേഖലയില്‍ നിരവധി കച്ചവട-നിക്ഷേപ സാധ്യതകള്‍ക്കും വഴിവയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.
വിവിധ തലങ്ങളിലുള്ള സാഹസികാനുഭവങ്ങള്‍ പകരുന്ന മൂന്ന് പാക്കേ പജുകളും അംഗത്വ ഓപ്ഷനുകളുമാണ് നിലവില്‍ ‘സ്‌കൈ അഡ്വഞ്ചേഴ്‌സി’ലുള്ളത്. പരിചയസമ്പന്നരായ പ്രൊഫഷണലുകളോടൊപ്പം ആകാശക്കാഴ്ച കാണാന്‍ സാധിക്കുന്ന ടാന്‍ഡം പാരാഗ്ലൈഡിംഗ്, സ്വന്തമായി എങ്ങനെ പാരാഗ്ലൈഡ് ചെയ്യാമെന്നും രാജ്യാന്തര പാരാഗ്ലൈഡിംഗ് ലൈസന്‍സ് നേടാമെന്നും പഠിക്കുന്നതിനുള്ള സമഗ്രമായ വിദഗ്ധരുടെ നേതൃത്വത്തിലുള്ള കോഴ്സ്, നിലവില്‍ ലൈസന്‍സുള്ള പാരാഗ്ലൈഡര്‍മാര്‍ക്കുള്ള ഗൈഡഡ് ഫ്‌ലൈറ്റുകള്‍ എന്നിവയാണ് മൂന്ന് പാകേജുകള്‍.
പാരാഗ്ലൈഡിങ്ങില്‍ ഒരു പരിചയവുമില്ലാത്തവര്‍ക്കും കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുന്നതാണ് ടാന്‍ഡം പാരാഗ്ലൈഡിങ്. വിദഗ്ദ പരിശീലനം നേടിയ ട്രെയിനറോടൊപ്പമായിരിക്കും ഈ പറക്കല്‍. കേന്ദ്രത്തില്‍ നിന്ന് ബഗ്ഗിയില്‍ മരുഭൂമിയിലൂടെ അല്‍ ഫായ പര്‍വതനിരകളോട് ചേര്‍ന്നു കിടക്കുന്ന ടേക് ഓഫ് പോയിന്റിലേക്കുള്ള യാത്ര ചെയ്യുന്നത് തൊട്ട് അവിസ്മരണീയമായ ധാരാളം നിമിഷങ്ങള്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നു. പതിനഞ്ച് മിനുറ്റോളം നീണ്ടുനില്‍ക്കുന്ന പറക്കലാണ് ഈ പാകേജിലുണ്ടാവുക.
സ്വന്തമായി പാരാഗ്ലൈഡിങ് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് നാല് ദിവസത്തെ കോഴ്‌സും സ്‌കൈ അഡ്വഞ്ചേഴ്‌സില്‍ ഒരുക്കിയിട്ടുണ്ട്. ദിവസേന മൂന്ന് മണിക്കൂര്‍ വീതം നീണ്ടു നില്‍ക്കുന്ന വിദഗ്ധ പരിശീലനത്തിനൊടുവില്‍ അഞ്ചു പ്രാവശ്യം ഒറ്റയ്ക്ക് പറക്കാനുള്ള അവസരമുണ്ടാവും. വിജയകരമായി ട്രെയിനിങ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് രാജ്യാന്തര തലത്തില്‍ അംഗീകരാമുള്ള പാരാഗ്ലൈഡിങ് ലൈസന്‍സിന് അപേക്ഷിക്കാം. നിലവില്‍ പാരാഗ്ലൈഡിങ് ലൈസന്‍സുള്ളവര്‍ക്ക് അയ്യായിരം അടി വരെ ഉയരത്തില്‍ പറക്കാനും ഫ്‌ലൈയിങ് ടൈം വര്‍ധിപ്പിക്കാനുമുള്ള പാക്കേജും ഇവിടെയുണ്ട്. സ്ഥിരമായി പാരാഗ്ലൈഡിങ് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ഒരു മാസം, മൂന്ന് മാസം, ഒരു വര്‍ഷം എന്നിങ്ങനെ മൂന്നു വിഭാഗത്തിലായി മെമ്പര്‍ഷിപ് സൗകര്യവുമുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംങ്ങിനുമായി https://sky-adventures(dot)ae എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.