FoodLIFELife Style

വീട്ടിലേക്ക്‌ ആവശ്യമായ മധുരം നിറഞ്ഞ പഴം, ഒപ്പം വരുമാനവും നേടാം; വളര്‍ത്താം റെഡ് ലേഡി പപ്പായ

രുചിയും ഔഷധ ഗുണവുമുള്ള പഴമാണ് പപ്പായ. കപ്ലങ്ങ, കറുമൂസ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. അടുക്കളയ്ക്ക് സമീപം ഒന്നോ രണ്ടോ പപ്പായ മരം പണ്ടൊക്കെ സ്ഥിരമായിരുന്നു. എന്നാല്‍ വീടും മുറ്റവുമെല്ലാം ചുരുങ്ങിയതോടെ പപ്പായ മരത്തിന്റെ സ്ഥാനം നഷ്ടപ്പെട്ടു. ഇതിനു പരിഹാരമായിട്ടാണ് റെഡ് ലേഡി എന്ന ഇനമെത്തിയത്. ചെറിയ മരമായതിനാല്‍ കായ പറിച്ചെടുക്കാനും വളര്‍ത്താനും എളുപ്പമാണ്. റെഡ് ലേഡിയുടെ പഴങ്ങള്‍ രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കു. നട്ടു കഴിഞ്ഞു എട്ട് മാസത്തിനുള്ളില്‍ പഴങ്ങള്‍ പാകമായി ലഭിക്കുമെന്നതും റെഡ് ലേഡിയുടെ ഗുണങ്ങളാണ്.

 പപ്പായ തൈകള്‍ നടാം

ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലാണ് റെഡ് ലേഡിയുടെ തൈകള്‍ മുളപ്പിക്കാന്‍ നല്ലത്. ഒരു മീറ്റര്‍ വീതിയില്‍ അരയടി പൊക്കത്തില്‍ പണകള്‍ ഒരുക്കിയോ ചെറിയ പോളിത്തീന്‍ ബാഗുകളിലോ പപ്പായ അരികള്‍ (വിത്ത്) പാകാം. മണലും കാലിവളവും വൃത്തിയാക്കിയ മണ്ണും ചേര്‍ത്തിളക്കി തയാറാക്കിയ പണയിലോ ബാഗുകളിലോ പപ്പായ അരി അഞ്ചു സെന്റി താഴ്ചയില്‍ കുഴിച്ചു വയ്ക്കുക. ആവശ്യാനുസരണം നനച്ചു കൊടുക്കണം. രണ്ടു മാസം പ്രായമായ തൈകള്‍ മാറ്റി നടാം, മെയ്- ജൂണ്‍ മാസങ്ങളില്‍ മാറ്റി നടുന്നതാണ് ഉത്തമം. രണ്ടു മീറ്റര്‍ അകലത്തില്‍ അര മീറ്റര്‍ സമചതുരത്തില്‍ തയാറാക്കിയ കുഴികളില്‍ പാറ മാറ്റിയ മേല്‍മണ്ണും ജൈവവളവും കൂട്ടിയിളക്കിയ മണ്ണില്‍ വേരുകള്‍ പൊട്ടാതെ മാറ്റിനടുക. വൈകുന്നേരമാണു തൈ നടാന്‍ പറ്റിയ സമയം. മഴയ്ക്ക് മുന്‍പ് ജൈവവളക്കൂട്ടോ, കോഴിവളമോ ഇട്ടുകൊടുത്താല്‍ മതി. തൈകളുടെ തടത്തില്‍ വെള്ളം കെട്ടികിടക്കാന്‍ സമ്മതിക്കരുത്.

വളപ്രയോഗം

ഒന്നു രണ്ടു മാസമായാല്‍ റെഡ് ലേഡി പപ്പായക്ക് താഴെ പറയുന്ന തരത്തില്‍ വളപ്രയോഗം നല്‍കണം.

  • 1. വേരു മുറിയാതെ അല്‍പ്പം മണ്ണിളക്കി ചെറു തടമാക്കുക.
  • 2. തണ്ടില്‍ നിന്നും കുറച്ച് വിട്ട് വേണം വളപ്രയോഗം.
  • 3. 10 kg ജൈവവളം, 200 g എല്ലുപൊടി എന്നിവ ചുറ്റും വിതറി ചെറുതായി മണ്ണിട്ട് മൂടുക.
  • 4. 15 – 20 ദിവസം കഴിഞ്ഞ് 500 g വെണ്ണീര്‍ [ചാരം] തണ്ടില്‍ നിന്നു വിട്ട് വിതറി കൊടുക്കുക. മുകളില്‍ അല്‍പ്പം മണ്ണ് വിതറി കൊടുക്കാന്‍ മറക്കരുത്.
  • 5. വേനല്‍ കാലത്ത് ചുറ്റും പുതയിടുന്നത് വളരെ നല്ലതാണ്.

ഗ്രോബാഗിലും ടെറസിലും റെഡ് ലേഡി പപ്പായ തൈകള്‍ നടാം. ഗ്രോബാഗില്‍ റെഡ് ലേഡി വളര്‍ന്ന് കായ്ഫലം ലഭിച്ചതായി പല കര്‍ഷകരും വ്യക്തമാക്കിയിട്ടുണ്ട്. രണ്ടോ മൂന്നോ തൈകള്‍ നടാന്‍ അടുക്കളത്തോട്ടത്തിലെ കുറച്ച് സ്ഥലം മതിയെന്നതിനാല്‍ മണ്ണില്‍ നടുന്നതാണ് ഉചിതം.

Back to top button
error: