KeralaNEWS

സർവം ശബരീശ മയം; തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു

പന്തളം: സൂര്യൻ ധനു രാശിയിൽ നിന്ന് മകര രാശിയിലേക്ക് കടക്കുന്ന മകരസംക്രമനാളിൽ ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര പുറപ്പെട്ടു. ഉച്ചക്ക് ഒന്നിന് പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്താക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്. അതേസമയം, പന്തളം കൊട്ടാരത്തിലെ അംഗം മരണപ്പെട്ട സാഹചര്യത്തിൽ തിരുവാഭരണവുമായി ബന്ധപ്പെട്ട് മുഴുവൻ ചടങ്ങുകളും വേണ്ടെന്ന് വെച്ചു. അതിനാൽ, തിരുവാഭരണത്തോടൊപ്പം രാജപ്രതിനിധി ശബരിമലയിലേക്ക് പോകില്ല. തിരുവാഭരണം പുറപ്പെടുന്നതിന് മിനിട്ടുകൾക്ക് മുമ്പാണ് മരണവാർത്ത അറിഞ്ഞത്. പന്തളം കൈപ്പുഴ മാളികകൊട്ടാരത്തിൽ രേവതി നാൾ രുക്‌മിനി തമ്പുരാട്ടി (പൊന്മണി) (95) ആണ് മരിച്ചത്.

സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ച തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള അംഗങ്ങള്‍ ശിരസിലേറ്റി കാല്‍നടയായി ശബരിമലയിലെത്തിക്കുന്നത്. സ്രാമ്പിക്കൽ കൊട്ടാരത്തിൽ വൃശ്ചികം ഒന്നു മുതൽ ദർശനത്തിന് വെച്ചിരുന്ന തിരുവാഭരണങ്ങൾ വ്യാഴാഴ്ച പുലർച്ചെ നാലിനാണ് കൊട്ടാരം നിർവാഹക സംഘം ഭാരവാഹികളിൽ നിന്ന് ദേവസ്വം ബോർഡ് അധികൃതർ ഏറ്റുവാങ്ങിയത്. പുലർച്ചെ 4.30 മുതൽ വലിയകോയിക്കൽ ക്ഷേത്ര സോപാനത്തിൽ തിരുവാഭരണങ്ങൾ ദർശനത്തിന് വെച്ചു. ഉച്ചക്ക് ഒരു മണിയോടെയാണ് ഘോഷയാത്ര സന്നിധാനത്തേക്ക് പുറപ്പെട്ടത്.

പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തുന്ന ഘോഷയാത്രാസംഘം അവിടെ താവളമടിക്കും. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര കടന്നുപോകുന്നത്. പ്ലാപ്പള്ളിയില്‍ നിന്നും അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകുന്നേരത്തോടെ സംഘം ശബരിമലയിലെത്തിച്ചേരും. തിരുവാഭരണങ്ങള്‍ ശബരീശവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

Back to top button
error: