കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ലക്ഷദ്വീപ് എം.പിയും എൻ.സി.പി നേതാവുമായ മുഹമ്മദ് ഫൈസലിന് പത്തുവര്‍ഷം തടവ് ശിക്ഷ. മുഹമ്മദ് ഫൈസലിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവരുന്നു. ലക്ഷദ്വീപില്‍നിന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ എം.പി അടക്കമുള്ള നാല് പ്രതികളുമായാണ് പോലീസ് സംഘം കേരളത്തിലേക്ക് യാത്രതിരിച്ചിരിക്കുന്നത്. അതേസമയം, കവരത്തി സെഷന്‍സ് കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനാണ് എം.പി യുടെ നീക്കം.
മുന്‍ കേന്ദ്രമന്ത്രി പി.എം.സെയ്ദിന്റെ മരുമകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മുഹമ്മദ് സാലിഹിനെയാണ് മുഹമ്മദ് ഫൈസൽ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ചത്. ഒരു ഷെഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് ഈ കേസിൽ ശിക്ഷ വിധിച്ചത്. ലക്ഷദ്വീപ് എം.പി.യും എന്‍.സി.പി. നേതാവുമായ മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് പത്തുവര്‍ഷം തടവാണ് ശിക്ഷ. കേസില്‍ ആകെ 32 പ്രതികളുണ്ട്. ഇതില്‍ രണ്ടാംപ്രതിയാണ് മുഹമ്മദ് ഫൈസല്‍. 2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം.