CrimeNEWS

100 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: പ്രതിക്ക് ഉന്നത പോലീസ്-സിനമാ-രാഷ്ട്രീയ ബന്ധം; പ്രവീണ്‍ റാണ കേരളം വിട്ടു

തൃശൂര്‍: കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തട്ടിപ്പു കേസില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതോടെ വ്യവസായി പ്രവീണ്‍ റാണ കേരളം വിട്ടെന്നു സൂചന. പുണെ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ബിസിനസ് സുഹൃത്തുക്കള്‍ അഭയം നല്‍കാനുള്ള സാധ്യത കണക്കിലെടുത്തു പലവഴിക്കു പൊലീസ് തിരച്ചില്‍ തുടരുന്നുണ്ട്.

രാജ്യം വിടാന്‍ ശ്രമം നടക്കുന്നുവെന്നു സൂചനയുള്ളതിനാല്‍ തിരച്ചില്‍ നോട്ടീസ് ഇറക്കിയേക്കും. ഒരു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയെന്ന തോതില്‍ ഏകദേശം 100 കോടി രൂപയെങ്കിലും പ്രവീണ്‍ റാണ നിക്ഷേപകരില്‍ നിന്നു തട്ടിയെടുത്തിരിക്കാമെന്നാണു പോലീസിന്റെ നിഗമനം.

‘സേഫ് ആന്‍ഡ് സ്‌ട്രോങ്’ എന്ന നിധി (ചിട്ടി) കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണു തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശിയായ പ്രവീണ്‍ റാണ (കെ.പി. പ്രവീണ്‍). എന്‍ജിനീയറിങ്, എം.ബി.എ ബിരുദങ്ങള്‍ നേടിയ പ്രവീണ്‍ 7 കൊല്ലം മുന്‍പു സേഫ് ആന്‍ഡ് സ്‌ട്രോങ് എന്ന പേരില്‍ ബിസിനസ് കണ്‍സല്‍റ്റന്‍സിയും ചിട്ടിക്കമ്പനിയും തുടങ്ങിയ ശേഷമാണു നിക്ഷേപങ്ങള്‍ സ്വീകരിച്ചു തുടങ്ങിയത്.

48% വരെ പലിശ വാഗ്ദാനം ചെയ്തതോടെ 100 കോടിയോളം രൂപ നിക്ഷേപമായി ഒഴുകി. പണം തിരികെ ലഭിക്കാതായതോടെ നിക്ഷേപകര്‍ നിയമനടപടികളിലേക്കു നീങ്ങി. തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ് സ്റ്റേഷനിലായി 18 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പല നഗരങ്ങളിലായി ബിസിനസ്, സിനിമ, രാഷ്ട്രീയ, പോലീസ്, ക്രിമിനല്‍ ബന്ധങ്ങളുള്ളയാളാണ് പ്രവീണ്‍ റാണയെന്നു പോലീസ് പറയുന്നു.പ്രവീണ്‍ നായകനായി ഡിസംബറില്‍ റിലീസ് ചെയ്ത ചോരന്‍ സിനിമ സംവിധാനം ചെയ്തത് തൃശൂര്‍ റൂറലിലെ എ.എസ്.ഐ. സാന്റോ അന്തിക്കാടാണ്. പ്രവീണ്‍റാണ തട്ടിപ്പുകാരനാണെന്ന് തൃശ്ശൂര്‍ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് നിലനില്‍ക്കേയാണിത്.

പോലീസിലെ നിരവധിപേര്‍ക്ക് പ്രവീണുമായി ബന്ധമുണ്ട്. സേനയില്‍നിന്ന് വിരമിച്ച സി.ഐയും എസ്.ഐയും ഉള്‍പ്പടെയുള്ള പലരും ഇയാളുടെ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്. പ്രവീണിന്റെ സ്ഥാപനങ്ങളെപ്പറ്റിയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സാന്റോയെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍നിന്ന് വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല.

കൊച്ചിയിലുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടന്നെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചേക്കുമെന്നു സൂചനയുണ്ടായെങ്കിലും കോടതിയെ സമീപിച്ചിട്ടില്ല.

Back to top button
error: