ന്യൂഡല്‍ഹി: അന്‍പതു വയസുകാരിയെ വെടിവച്ചു വീഴ്ത്തിയ കേസില്‍ പതിനാറു വയസ്സുള്ള പെണ്‍കുട്ടി അറസ്റ്റില്‍. ഡല്‍ഹിയിലെ ഭജന്‍പുര പ്രദേശത്ത് ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. 2021 ല്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ യുവാവിന്റെ അമ്മയെയാണ് പെണ്‍കുട്ടി വെടിവച്ചതെന്നാണ് നിഗമനം. പോക്‌സോ നിയമപ്രകാരം ഇരുപത്തിയഞ്ചുകാരനായ യുവാവ് ഇപ്പോള്‍ ജയിലിലാണ്. വെടിവയ്പ്പില്‍ പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്കു മാറ്റി.
വെടിയേറ്റ സ്ത്രീ അവര്‍ താമസിച്ചിരുന്ന വീടിനോടു ചേര്‍ന്നു കട നടത്തിവരികയായിരുന്നു. പെണ്‍കുട്ടി കടയിലേക്ക് കയറിച്ചെന്ന് ഇവരെ വെടിവച്ച ശേഷം ഇറങ്ങി ഓടിയെന്നാണ് വിവരം. വെടിയേറ്റ സ്ത്രീയും അവരുടെ കുടുംബവും പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിരുന്നു. അതിനാല്‍ തന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടുകയും തോക്ക് വീണ്ടെടുക്കുകയും ചെയ്തു.
പീഡനക്കേസില്‍ യുവാവിനെ അറസ്റ്റു ചെയ്ത് ജയിലിലടിച്ചിട്ടും അയാളുടെ അമ്മയെ എന്തിനാണ് കൊല്ലാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നെന്ന് പോലീസ് അറിയിച്ചു.