KeralaNEWS

നിയന്ത്രണംവിട്ട് ലോറി വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി; ഒന്നര മണിക്കൂര്‍ പണിപ്പെട്ട് ഡ്രൈവറെ രക്ഷപ്പെടുത്തി

കോട്ടയം: പൊന്‍കുന്നം രണ്ടാം മൈലില്‍ ലോറി നിയന്ത്രണം വിട്ട് വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ചു കയറി. ഒന്നര മണിക്കൂറിലേറെ ലോറിയ്ക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി. തൊടുപുഴ എഴുമുട്ടം സ്വദേശി കിഴക്കേക്കര വീട്ടില്‍ മനോജ് മാത്യു (36) വിനെയാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ പുനലൂര്‍ മൂവാറ്റുപുഴ ദേശീയപാതയിലാണ് അപകടം.

പെരിന്തല്‍മണ്ണയില്‍ നിന്ന് പത്തനംതിട്ടയിലേയ്ക്ക് തുണി കയറ്റിവന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. പൊന്‍കുന്നം രണ്ടാം മൈലിലെ വെയ്റ്റിംഗ് ഷെഡിലേയ്ക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറുകയായിരുന്നു. വശങ്ങളിലെ മണ്‍തിട്ടയിലേയ്ക്ക് അടക്കം ഇടിച്ചു കയറിയ ലോറിയ്ക്കുള്ളില്‍ ഡ്രൈവര്‍ മനോജ് കുടുങ്ങുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും വാഹനത്തിന്റെ മുന്‍വശമുയര്‍ത്താതെ രക്ഷാപ്രവര്‍ത്തനം നടത്താനാകാത്ത സാഹചര്യമായിരുന്നു.

Signature-ad

തുടര്‍ന്ന് പാലായില്‍ നിന്നും ഒരു സംഘം അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ കൂടി സ്ഥലത്തെത്തി. പിന്നീട് നാട്ടുകാരും അഗ്‌നിരക്ഷാസേനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് വടം കെട്ടി ലോറിയുടെ മുന്‍ഭാഗമുയര്‍ത്തി നിര്‍ത്തിയ ശേഷം വശം മുറിച്ച് മാറ്റി ഡ്രൈവറെ പുറത്തെടുക്കുകയായിരുന്നു. അപകടം നടന്ന് ഒന്നര മണിക്കൂര്‍ കഴിഞ്ഞായിരുന്നു ഡ്രൈവറെ പുറത്തെടുത്തത്. ഡ്രൈവര്‍ മനോജിനെ പിന്നീട് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും വിശദമായ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു.

 

Back to top button
error: