IndiaNEWS

ഊട്ടിയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിനി ഒമ്പതാം ക്ലാസുകാരിയും, കർണാടക ഹനഗലിലുണ്ടായ കാർ അപകടത്തിൽ തളങ്കര സ്വദേശി രണ്ടു വയസുകാരിയും മരണപ്പെട്ടു

   ഊട്ടിയില്‍ നടന്ന വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിനിയായ 14കാരി മരിച്ചു. എടവണ്ണ ഒതായി കിഴക്കേതല ഷബീര്‍- തസ്‌നി ദമ്പതികളുടെ മൂത്ത മകൾ ഹാദി നൗറിൻ ആണ് മരണപ്പെട്ടത്. കുടുംബത്തിനൊപ്പം കാറില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച ഊട്ടിയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ഹാദി നൗറിന് ഗുരുതര പരിക്കേറ്റത്.

തുടര്‍ന്ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞ് വരുന്നതിനിടെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം  നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോയി. അപകട സമയത്ത് കാറില്‍ ഉണ്ടായിരുന്ന മറ്റു കുടുംബാംഗങ്ങള്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.

കർണാടകയിലെ ഹനഗലിലുണ്ടായ കാർ അപകടത്തിൽ ഗുരുതരാമായപരുക്കേറ്റ കാസർകോട് തളങ്കര നുസ്രത് നഗറിലെ സിയാദ് – നിഷാന സജ്‌ന ദമ്പതികളുടെ മകൾ ഇസ മറിയ (രണ്ട്) മരിച്ചു. മൃതദേഹം ഉച്ചയോടെ തളങ്കരയിൽ എത്തിച്ച് ഖബറടക്കി. ഹുബ്ബള്ളിയിലെ കെഎൽഇ സുചിരായ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഇസ മരിച്ചത്.

കാർ അപകടത്തിൽ ഇസയുടെ സഹോദരൻ മുഹമ്മദും (മൂന്നര)  സിയാദിന്റെ  മാതാപിതാക്കളായ മുഹമ്മദ് (65), ആയിഷ (62) എന്നിവരും നേരത്തെ തന്നെ മരിച്ചിരുന്നു. ഒരുകുടുംബത്തിന് നാല് പേരെയാണ് അപകടത്തിൽ നഷ്ടമായത്.

അതേസമയം അപകടത്തിൽ പരുക്കേറ്റ സിയാദും, നിശാനയും ഹുബ്ബള്ളിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സിയാദ് ഇതുവരെ അപകട നില തരണം ചെയ്‌തിട്ടില്ല. ഭാര്യ നിശാനയുടെ കാലിനാണ് പരുക്കേറ്റത്.

 ഹുബ്ബള്ളി- ഹനഗൽ പാതയിൽ മസക്കട്ടി ​ക്രോസിലാണ്​ അപകടം സംഭവിച്ചത്. നോർത്​ വെസ്​റ്റ്​ കർണാടക ആർ.ടി.സി ബസും ആറംഗ സംഘം സഞ്ചരിച്ച കാറും മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു.
കാസർകോട്​ എംജി റോഡിലെ ഫർണിച്ചർ കടയിൽ 2014ൽ കുത്തേറ്റ്​ കൊല്ലപ്പെട്ട സൈനുൽ ആബിദി​ന്‍റെ മാതാപിതാക്കളാണ്​ മരിച്ച മുഹമ്മദ്​ കുഞ്ഞിയും ആയിഷയും. ഈ കേസിൽ സാക്ഷിയാണ് മുഹമ്മദ്. ആബിദി​ന്‍റെ കൊലപാതകത്തിന്റെ ആഘാതത്തില്‍ നിന്ന് മോചിതരാകും മുമ്പാണ് മറ്റൊരു ദുരന്തം കൂടി കുടുംബത്തിനുണ്ടായത്

Back to top button
error: