LocalNEWS

വയനാട്ടിൽ ജനവാസകേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി; ഗര്‍ഭിണിയായ പശുവിനെ ആക്രമിച്ചു, നാട്ടുകാർ ഭീതിയില്‍ 

കല്പറ്റ: വയനാട്ടിൽ ജനവാസകേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി; ഗര്‍ഭിണിയായ പശുവിനെ ആക്രമിച്ചു, നാട്ടുകാർ ഭീതിയില്‍. നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടിയിലാണ് വീണ്ടും കടുവയിറങ്ങി പശുവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ നൂല്‍പ്പുഴ പഞ്ചായത്ത് മൂന്നാവാര്‍ഡിലുള്‍പ്പെട്ട മാടക്കുണ്ട് പണിയകോളനിക്ക് സമീപമാണ് സംഭവം. കരവെട്ടാറ്റിന്‍കര പൗലോസിന്റെ ഗര്‍ഭിണിയായ പശുവിനെയാണ് ആക്രമിച്ചത്. വീടിന് സമീപത്തെ പറമ്പില്‍ മേയുന്നതിനിടെയായിരുന്നു കടുവയുടെ ആക്രമണം.

പശുവിന്റെ കരച്ചില്‍ കേട്ടെത്തിയ മാടക്കുണ്ട് കോളനിവാസികളില്‍ ചിലരാണ് കടുവയെ ആദ്യം കണ്ടത്. ആളുകള്‍ ബഹളം വെച്ചതോടെ പശുവിനെ ഉപേക്ഷിച്ച് സമീപത്തെ വനത്തിലേക്ക് ഓടിമറയുകയായിരുന്നു കടുവയെന്ന് പഞ്ചായത്തംഗം ജയചന്ദ്രന്‍ പറഞ്ഞു. പതിനഞ്ച് ദിവസം മുമ്പും പൗലോസിന്റെ പശുവിനെ കടുവ ആക്രമിച്ചിരുന്നു. വനത്തിനുള്ളില്‍ മേയുന്നിതിനിടെയായിരുന്നു അന്ന് കടുവയെത്തിയത്. പഞ്ചായത്ത് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

മുമ്പ് പ്രദേശത്ത് എത്തിയ കടുവയല്ല തിങ്കളാഴ്ച എത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിക്കേറ്റ പശുവിനെ ഡോക്ടര്‍ എത്തി പരിശോധിച്ചു. കഴുത്തില്‍ കടുവയുടെ നഖമോ പല്ലോ ആഴ്ന്നിറങ്ങിയുണ്ടായ മുറിവ് ആഴത്തിലുള്ളതാണെന്നും പശുവിന്റെ അന്നനാളത്തിന് പരിക്കേല്‍ക്കാന്‍ സാധ്യതയുള്ളതായും ഡോക്ടര്‍ പറഞ്ഞതായി പഞ്ചായത്തംഗം പറഞ്ഞു. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രണ്ട് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ രാത്രിയില്‍ പ്രദേശത്ത് പെട്രോളിങ് ശക്തമാക്കുമെന്നും ഉദ്യോഗസ്ഥര്‍ ജനങ്ങളെ അറിയിച്ചിട്ടുണ്ട്.

കടുവയുടെ ദൃശ്യം ക്യാമറയില്‍ പതിയുന്ന മുറക്ക് ആവശ്യമായ പരിശോധനകള്‍ നടത്തി കൂടുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങാനാണ് വനംവകുപ്പിന്റെ തീരുമാനം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വള്ളുവാടി അടക്കം നൂല്‍പ്പുഴ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടുവ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൊട്ടനോട് ഇറങ്ങിയ കടുവ മധു എന്നയാളുടെ പശുവിനെ ആക്രമിച്ചിരുന്നു. ഈ സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് 17-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട ഏറളോട്ടുകുന്നിലും സമീപ പ്രദേശങ്ങളിലും കടുവ എത്തിയിരുന്നു.

Back to top button
error: