കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയുടെ മുഖം മാറ്റി വച്ചു. പുതുവര്‍ഷതലേന്ന് കത്തിക്കാന്‍ ഒരുക്കിയിരുന്ന പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖ സാദൃശ്യം ഉണ്ടെന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ ആരോപണത്തെ തുടര്‍ന്നാണ് മുഖം മാറ്റി വച്ചത്. താടി നീട്ടി, കൊമ്പന്‍ മീശ വച്ചാണ് പപ്പാഞ്ഞിയുടെ രൂപമാറ്റം വരുത്തിയത്.
കൊച്ചിന്‍ കാര്‍ണിവലിനോട് അനുബന്ധിച്ചു പുതുവര്‍ഷ ആഘോഷങ്ങള്‍ക്കു തയാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത ആരോപണങ്ങളും പ്രതിഷേധവും ഉയര്‍ന്നത്. കഴിഞ്ഞ ദിവസം പാപ്പാഞ്ഞിക്കു മുഖം സ്ഥാപിച്ചെങ്കിലും ഇന്നലെ രാവിലെയാണ് പ്രധാനമന്ത്രിയുമായുള്ള സാമ്യം ശ്രദ്ധയില്‍ പെട്ടത്. ഇതോടെ പ്രതിഷേധം ഉയര്‍ത്തി പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. ഇതോടെ പാപ്പാഞ്ഞി നിര്‍മാണം നിര്‍ത്തിവച്ചു.
പ്രശ്നം വഷളായതോടെ പോലീസും സ്ഥലത്തെത്തി. സാമ്യം യാദൃശ്ചികമാണെന്ന വാദം സംഘാടകര്‍ ഉയര്‍ത്തിയെങ്കിലും പ്രതിഷേധക്കാര്‍ പിന്‍വാങ്ങാന്‍ തയാറായില്ല. മുഖം മാറ്റാമെന്ന ഉറപ്പു നല്‍കിയതോടെയാണു പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയത്. കൊച്ചിയില്‍ പുതുവര്‍ഷം പിറക്കുമ്പോള്‍ പഴയവര്‍ഷത്തോടൊപ്പം പാപ്പാഞ്ഞിയും കത്തിത്തീരുകയാണ് പതിവ്.
അതേസമയം, 39 ാം വര്‍ഷത്തിലേക്ക് കടക്കുകയാണ് കാര്‍ണിവല്‍ ആഘോഷങ്ങള്‍. കാര്‍ണിവലിന്റെ ഭാഗമായുള്ള പരിപാടികള്‍ കാണാന്‍ ആയിരങ്ങളാണ് ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തും ഓരോ വര്‍ഷവും എത്തുന്നത്. ഇന്ന് രാത്രിയാണ് പാപ്പാഞ്ഞിയെ കത്തിക്കല്‍. ജനുവരി ഒന്നിന് പകല്‍ 3.30ന് റാലിയോടെയാണ് കൊച്ചിന്‍ കാര്‍ണിവല്‍ സമാപിക്കുക. പരേഡ് ഗ്രൗണ്ടില്‍ രാത്രി ഏഴിന് സമാപന സമ്മേളനം നടക്കും. ഇതുകൂടാതെ വിവിധ ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ നിരവധി പരിപാടികള്‍ നടക്കുന്നുണ്ട്.