LIFELife Style
മഞ്ഞുകാലത്തും മഴ, കാലാവസ്ഥ മാറിയതോടെ ചീരയില്‍ ഇലപ്പുള്ളി രോഗം വ്യാപകം, വിഷമിക്കേണ്ട പ്രതിവിധിയുണ്ട്
അടുക്കളത്തോട്ടത്തിലെ പ്രധാന വിളകളില്‍ ഒന്നാണ് ചീര. നിരവധി വിറ്റാമിനുകള്‍ അടങ്ങിയ ചീര കൊണ്ടു രുചികരമായ വിഭവങ്ങള്‍ തയാറാക്കാം. കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് ചീര. മഴയും മഞ്ഞുമാണിപ്പോള് കേരളത്തിലെ കാലാവസ്ഥ. ഈ സമയത്ത് ചീരക്കൃഷിയില്‍ പ്രധാന വില്ലനായി എത്തുന്ന രോഗമാണ് ഇലപ്പുള്ളി. ഇലകള്‍ പുള്ളി വീണു നശിക്കുന്നതോടെ ചീര ഉപയോഗിക്കാന്‍ പറ്റാത്ത വിധത്തിലാകും. എളുപ്പത്തില്‍ പടരുന്ന ഈ രോഗം കൃഷിയെ പൂര്‍ണമായി നശിപ്പിക്കുകയും ചെയ്യും. ഇലപ്പുള്ളി രോഗത്തിനെതിരേ പ്രയോഗിക്കേണ്ട ജൈവകീടനാശിനികള്‍ ഏതൊക്കെയെന്നു നോക്കാം.
- 1. ഒരു ലിറ്റര്‍ വെള്ളത്തില്‍ അഞ്ചു ഗ്രാം പാല്ക്കായം തലേ ദിവസം രാത്രിയിട്ട് വെയ്ക്കുക. രാവിലെ നന്നായി ഇളക്കി ഇതിലേയ്ക്ക് ഒരു ഗ്രാം സോഡാ പൗഡറും (അപ്പക്കാരം) മൂന്നു ഗ്രാം മഞ്ഞള്‍പ്പൊടിയും കൂട്ടി നന്നായി ഇളക്കി അരിച്ചെടുത്തു ചീര ഇലയുടെ രണ്ട് വശത്തും കിട്ടത്തക്ക രീതിയില്‍ ആഴ്ച്ചയില്‍ ഒരുദിവസം വെച്ച് തളിക്കുക.
- 2. ഒരു കിലോ പുതിയ പച്ച ചാണകം (അഞ്ചു മണിക്കൂറിനുള്ളില്‍ കിട്ടിയത് നല്ലത്) എടുത്ത് പത്ത് ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളിയൂറ്റി എടുക്കണം. അതിന് ശേഷം അന്‍പത് ഗ്രാം മഞ്ഞള്‍പ്പൊടിയും ഒരു ലിറ്റര്‍ ഗോമൂത്രവും ചേര്‍ത്ത് ഇളക്കി അരിച്ച് എടുത്ത് ഇലകളുടെ രണ്ട് വശവും തളിക്കണം.
- 3. പച്ച ചീരയ്ക്ക് ഇല പുള്ളി രോഗം അധികം വരാറില്ല. ഇതിനാല്‍ ചീര കൃഷി ചെയ്യുമ്പോള്‍ ചുവപ്പ് ചീരയും പച്ച ചീരയും ഇടകലര്‍ത്തി ചെയ്യുക. ഇങ്ങനെ ചെയ്താല്‍ രോഗമധികം വരില്ല.
- 4. ചീരയില്‍ ഇലപ്പുള്ളിരോഗം പ്രധാനമായും പടരുന്നത് മണ്ണില്‍ ശക്തിയായി വെള്ളം തെറിച്ച് ഇലകളില്‍ ചെളിയും തുടര്‍ന്ന് കീടങ്ങളും പറ്റിപിടിച്ചാണ്. അത് കൊണ്ട് ചീരക്ക് നനയ്ക്കുമ്പോള്‍ വെള്ളം സ്പ്രേചെയ്ത് കൊടുക്കുന്നതാണ് ഉത്തമം.
- 5. പുതിയ ചാണകത്തിന്റെ തെളിഞ്ഞ ലായനിയില്‍ 20 ഗ്രാം സുഡോമോണാസ് ഒരു ലിറ്ററിന് എന്ന തോതില്‍ ഇലകളില്‍ തളിച്ച് കൊടുക്കുക.
- 6. സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 10 ദിവസത്തെ ഇടവേളകളിലായി തളിച്ച് കൊടുക്കുക.